പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിലും ഒറ്റപ്പാലത്ത് വിപരീത ഓളം. ഇവിടെ യു.ഡി.എഫ് വോട്ടുകൾ ഗണ്യമായി ബി.ജെ.പിയിലേക്ക് ചോർന്നു. എൽ.ഡി.എഫ് ആകട്ടെ, നേരിയ തോതിലാണെങ്കിലും വോട്ട് വർധിപ്പിക്കുകയും ചെയ്തു. സി.പി.എം വിട്ടുവന്ന പി.കെ. ശശിയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട അടിയൊഴുക്കാണ് ഒറ്റപ്പാലത്തെ ഫലം വേറിട്ടതാക്കിയത്.
പി.കെ. ശശിയെ സ്ഥാനാർഥിയാക്കിയതിൽ എതിർപ്പുള്ള യു.ഡി.എഫുകാരുടെ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2021ൽ യു.ഡി.എഫ് സ്ഥാനാർഥി 59,707 വോട്ട് നേടിയപ്പോൾ ഇക്കുറി യു.ഡി.എഫ് ഇറക്കിയ പി.കെ. ശശിക്ക് 48,585 വോട്ട് മാത്രമാണ് കിട്ടിയത്. 11,122 വോട്ടുകൾ കുറവ്. ആ വോട്ടുകൾ നേടിയത് ബി.ജെ.പി സ്ഥാനാർഥി മേജർ രവിയാണ്. 2021ൽ 25,506 വോട്ടുമാത്രം നേടിയ ബി.ജെ.പിയുടെ വോട്ടുകൾ ഇക്കുറി 42,476 ആയി ഉയർന്നു.
ഈ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോങ്ങാട്, തൃത്താല, ചിറ്റൂർ മണ്ഡലങ്ങൾ സി.പി.എമ്മിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്. സി.പി.എം ജയിച്ച മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറക്കാനും കോൺഗ്രസിനായി. എന്നാൽ, ഒറ്റപ്പാലത്ത് സി.പി.എം ഭൂരിപക്ഷം കൂട്ടുകയാണുണ്ടായത്. 2021ൽ 15,152 വോട്ടിന് ജയിച്ച സി.പി.എമ്മിലെ അഡ്വ. പ്രേംകുമാർ ഇക്കുറി 26772 വോട്ടിനാണ് ശശിയെ തോൽപിച്ചത്. ഭൂരിപക്ഷത്തിൽ 11,620 വോട്ടുകൾ കൂടി.
യു.ഡി.എഫിന് വോട്ടുകൾ കുറഞ്ഞതു സംബന്ധിച്ച് കോൺഗ്രസും മുസ്‍ലിം ലീഗും സൂക്ഷ്മ പരിശോധന നടത്തണമെന്ന് പി.കെ. ശശി ആവശ്യപ്പെട്ടു. സി.പി.എം വിട്ടവരുടെ വോട്ടുകൾ കിട്ടിയിട്ടുണ്ട്.
യു.ഡി.എഫ് വോട്ടുകളാണ് ചോർന്നത്. അതിന്റെ കാരണം കണ്ടെത്തണമെന്നും ശശി പറഞ്ഞു. ആരോപണ വിധേയനായ പി.കെ. ശശിയെ യു.ഡി.എഫ് സ്വീകരിക്കുന്നതിൽ ഒറ്റപ്പാലത്ത് എതിർപ്പുകളുണ്ടായിരുന്നു. കോൺഗ്രസിലെ എതിർപ്പുകൾ സംസ്ഥാന നേതൃത്വം ഇടപെട്ട് ഒതുക്കുകയായിരുന്നു. എതിർപ്പ് അടക്കിപ്പിടിച്ച കോൺഗ്രസുകാർ ബൂത്തിൽ പി.കെ. ശശിയെ കൈവിട്ടു. വോട്ട് ബി.ജെ.പിക്ക് കുത്തിയാണ് പി.കെ. ശശിയോടും പാർട്ടി നേതൃത്വത്തോടുമുള്ള എതിർപ്പ് കോൺഗ്രസുകാർ പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.