നൂറടിക്കാൻ യു.ഡി.എഫ്; വി.ഡി. സതീശന്‍റെ നാക്ക് പൊന്നാകുമോ? ഇടതുകോട്ടകളും എക്സിറ്റ് പോളുകളും അട്ടിമറിച്ച് മുന്നേറ്റം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതലേ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിലെ മറ്റു നേതാക്കൾപോലും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസമാണ് സതീശൻ പരസ്യമായി പങ്കുവെച്ചിരുന്നത്. സതീശന്‍റെ കണക്കുകൂട്ടലുകൾ ശരിവെക്കുന്ന ഫലമാണ് ആദ്യ മണിക്കൂറിൽ പുറത്തുവരുന്നത്.

യു.ഡി.എഫ് നൂറിനടുത്ത് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 2001ൽ പോലും കാണാനാവാത്തത്ര യു.ഡി.എഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വൻ വിജയം നേടുമെന്നുമാണ് സതീശൻ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോവുകയാണെന്നും സതീശൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. പുറത്തുവന്ന ഒരു എക്സിറ്റ് പോൾ സർവേ പോലും യു.ഡി.എഫിന് നൂറ് സീറ്റ് പ്രവചിച്ചിരുന്നില്ല. എന്നാൽ, ഇടതുകോട്ടകളും എക്സിറ്റ് പോളുകളുമെല്ലാം അട്ടിമറിക്കുന്ന പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രണ്ടു മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 96 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 39 സീറ്റുകളിലും എൻ.ഡി.എ അഞ്ചു സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണ് നൽകുന്നത്. പോസ്റ്റൽ ബാലറ്റുകൾക്കു പിന്നാലെയാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണി തുടങ്ങിയത്. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ ആറരയോടെ കനത്ത സുരക്ഷയിൽ തുറന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടെണ്ണൽ തുടങ്ങിയത്.

Tags:    
News Summary - UDF to score 100; Will VD Satheesan's tongue become golden?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.