യു.ഡി.എഫ് ഹര്‍ത്താലില്‍ അക്രമം; ജനജീവിതം താറുമാറായി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സമരംചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനംചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താലില്‍ ജനജീവിതം താറുമാറായി. പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയും കെ.എസ്.ആര്‍.ടി.സി ബസിന്‍െറ കാറ്റൂരിവിടുകയും ചെയ്തു.

മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്‍െറ വാഹനമുള്‍പ്പെടെ വഴിയില്‍ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ് സെക്രട്ടറി പ്രഭാവര്‍മ സഞ്ചരിച്ച കാര്‍ തടഞ്ഞ സമരക്കാര്‍ അദ്ദേഹത്തെ കാറില്‍നിന്ന് ഇറക്കിവിട്ടു. ദൂരയാത്ര കഴിഞ്ഞ് തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലത്തെിയവര്‍ തുടര്‍യാത്രാസൗകര്യം ലഭിക്കാതെ വലഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി, ആര്‍.സി.സി എന്നിവിടങ്ങളിലേക്ക് പോകാനത്തെിയവരെ പൊലീസ് വാഹനങ്ങളില്‍ കൊണ്ടുപോയി. ഓട്ടോകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞത് ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിച്ചില്ല.

രാവിലെ ഹര്‍ത്താലിനോട് പൊതുവേ തണുത്ത പ്രതികരണമാണുണ്ടായത്. എന്നാല്‍, നിയമസഭയില്‍ നടന്ന പ്രതിഷേധം എം.എല്‍.എമാരുടെ നിരാഹാരസമരത്തിലേക്ക് കടന്നതോടെ സമരത്തിന്‍െറ സ്വഭാവം മാറി. എം.ജി റോഡില്‍ പാളയം ഭാഗത്ത് സംഘടിച്ചത്തെിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

11ഓടെ സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായത്തെിയ പ്രവര്‍ത്തകര്‍ സമീപത്തെ ബാങ്കുകളും കടകളും അടപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ സതീഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സെക്രട്ടേറിയറ്റ് പടിക്കലെ പ്രകടനത്തിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകരില്‍ ചിലര്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് തള്ളിക്കയറി ടീപോയുടെ ചില്ല് തകര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ വിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ വീണ്ടും സെക്രട്ടേറിയറ്റ് കവാടത്തില്‍ കുത്തിയിരുന്നു. ഡി.സി.പി ശിവവിക്രം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെി ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. 15 മിനിറ്റോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍, കസ്റ്റഡിയിലുള്ളവരെ കാമറദൃശ്യങ്ങള്‍ പരിശോധിച്ചശേഷം വിടാമെന്ന് പൊലീസ് ഉറപ്പുനല്‍കി. ഇതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. പലയിടങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങളും വഴിതടയലും തുടര്‍ന്നു.

Tags:    
News Summary - udf hartal thiruvananthapuram self financing fees hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.