തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തൽ. ഉദയകുമാറിനെ പൊലീസുകാർ ഉരുട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പ് കട്ടിൽ, ബെഞ്ച്, ഇരുമ്പു കമ്പി എന്നിവ സാക്ഷി തിരിച്ചറിഞ്ഞു. കൊലപാതകത്തിനുശേഷം ഫോറൻസിക് പരിശോധന നടത്തിയ തിരുവനന്തപുരം ഫോറൻസിക് ലാബ് അസിസ്റ്റൻറ് ഡയറക്ടർ അലക്സാണ്ടർ തോമസാണ് കേസിലെ നിർണായക വസ്തുക്കൾ കോടതിയിൽ തിരിച്ചറിഞ്ഞത്.
ഉദയകുമാറിെൻറ വസ്ത്രങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉദയകുമാറിനെ ഉരുട്ടാൻ ഉപയോഗിച്ചത് തിരുവനന്തപുരത്ത് സായുധസേനയുടെ ക്യാമ്പിൽനിന്ന് കൊണ്ടുവന്ന് സി.ഐ ഓഫിസിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കട്ടിലും കമ്പിയുമാണെന്ന് അസിസ്റ്റൻറ് കമീഷണർ ഓഫിസിലെ മുൻ റൈറ്റർ ഗോപകുമാറും മൊഴി നൽകി .
ഇൗ സാക്ഷിമൊഴികൾ കേസിൽ വഴിത്തിരിവാകുകയാണ്. പൊലീസ് സ്റ്റേഷനിൽ കണ്ടെത്തിയ കമ്പിയും കട്ടിലുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതോടെ പൊലീസ് ഉദ്യോഗസ്ഥർ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയുകയാണ്. നേരത്തേ സ്റ്റേഷനിലെ വനിത കോൺസ്റ്റബിളും മേലുദ്യോഗസ്ഥരുടെ നിർബന്ധത്തിന് വിധേയമായാണ് താൻ മൊഴി മാറ്റിയതെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. പൊലീസുകാർ പ്രതികളായ കേസിൽ പൊലീസുകാർതന്നെ എതിരായ മൊഴി നൽകുന്നത് കേസിൽ നിർണായക വഴിത്തിരിവാണ് സൃഷ്ടിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് നിർണായകമായ വെളിപ്പെടുത്തലുണ്ടായത്.
2005 സെപ്റ്റംബർ 27ന് രാത്രി 10.30ന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ പൊലീസുകാർ ചേർന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിെൻറ പക്കലുണ്ടായിരുന്ന പണത്തിെൻറ ഉറവിടം സംബന്ധിച്ച ചോദ്യം ചെയ്യലിനിടയിലാണ് കൊല്ലപ്പെട്ടത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്ത് കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ.
ആദ്യം െപാലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്വേഷണം മൂന്ന് പൊലീസുകാരിൽ മാത്രമൊതുക്കി കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് കൊല്ലപ്പെട്ട ഉദയകുമാറിെൻറ മാതാവ് ഹൈകോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതിനെതുടർന്നാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതും കുറ്റപത്രം സമർപ്പിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.