കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഏഴാം പ്രതി ഉദയഭാനു, അഞ്ചും ആറും പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവർക്ക് കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 29ന് തട്ടിക്കൊണ്ടുപോയ രാജീവിനെ പിറ്റേന്ന് ചാലക്കുടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ജില്ലയെന്ന നിലയിൽ തൃശൂരിൽ പ്രവേശിക്കരുതെന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.
'രണ്ട് ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുടെയും ജാമ്യത്തുക കെട്ടിവെക്കണം, മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും രാവിലെ ഒമ്പതിനും പതിനൊന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, കേസിലെ അന്തിമ റിപ്പോർട്ട് സമര്‍പ്പിക്കുന്നത് വരെ കുറ്റകൃത്യം നടന്ന തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, പാസ്പോർട്ട് മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സാക്ഷികളുടെ കൂടി മൊഴി രേഖപ്പെടുത്താന്‍ കീഴ്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കോടതി ഏർപ്പെടുത്തുന്ന ഉപാധികളെല്ലാം പാലിക്കാൻ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. തുടർന്നാണ് ഉപാധികളോടെ ജാമ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.