സിദ്ധാർഥൻ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുമ്പോഴും കേസ് എവിടെയുമെത്തിയില്ല. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജയപ്രകാശിന്റെയും ഷീബയുടെയും മൂത്ത മകനും രണ്ടാം വർഷ ബി.വി.എസ് സി വിദ്യാർഥിയുമായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് പ്രതികൾ. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തുടക്കത്തിൽ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയിൽ സർവകലാശാല നിയമിച്ചിരുന്ന വക്കീൽ കൃത്യവിലോപം കാണിച്ചതിനാലും സമയബന്ധിതമായി രേഖകൾ ഹാജരാക്കാത്തതിനാലും ഹൈകോടതി സിംഗിൾ ബെഞ്ച് 19 പ്രതികൾക്കും മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു.
ഇതിനെതിരെ സിദ്ധാർഥന്റെ അമ്മ ഷീബ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തിയ ശേഷം പുറപ്പെടുവിച്ച ഉത്തരവിൽ 19 വിദ്യാർഥികളെയും സർവകലാശാലക്ക് പിന്നീട് പുറത്താക്കേണ്ടിവന്നത്. നിലവിൽ കേസന്വേഷിക്കുന്ന സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ കോളജ് ഡീൻ ഡോ. എം.കെ. നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്തനാഥനെയും സർവിസിൽ തിരിച്ചെടുക്കുന്നതിന് ബോർഡ് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
എന്നാൽ, കുടുംബത്തിന്റെ പരാതിയിൽ ഗവർണർ തീരുമാനം റദ്ദാക്കുകയായിരുന്നു. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് അന്വേഷണ കമീഷൻ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാൽ, ഇരുവർക്കും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉൾപ്പെടെയുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ് നിർദേശിക്കപ്പെട്ടത്. നിലവിൽ ഇവർക്ക് സർവിസിൽ പുനർനിയമനം നൽകിയിട്ടുണ്ട്.
മകനെ അതിക്രൂരമായി മർദിക്കുകയും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കൊടുക്കാതെ റാഗിങ്ങിന് വിധേയനാക്കി മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നുവെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ എല്ലാ ഒത്താശകളും അധികൃതർ ചെയ്തെന്നും മാതാപിതാക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.