കിഫ്ബി പദ്ധതികളിൽ വൻ അസമത്വം; 41 ശതമാനവും മൂന്ന് ജില്ലകളിൽ
തിരുവനന്തപുരം: കിഫ്ബി പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിൽ വലിയ അസമത്വമാണുള്ളതെന്നും 41 ശതമാനം പദ്ധതികൾ മൂന്ന് ജില്ലകളിൽ മാത്രമായിട്ടാണെന്നും വിദഗ്ധ സമിതി റിപ്പോർട്ട്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന കിഫ്ബിയില് സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് ശിപാര്ശ ചെയ്യുന്ന റിപ്പോർട്ടിൽ, കിഫ്ബി സര്ക്കാറിന് വന് ബാധ്യതയാണെന്നും കിഫ്ബി നിലവിലെ രീതിയില് തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.
കണ്ണൂര് ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല് ദുരൂഹമെന്നും നിയമസഭയില് സമര്പ്പിച്ച റിപ്പോര്ട്ടില് വിദഗ്ധ സമിതി ആരോപിക്കുന്നു. കണ്ണൂരില് 3,829 ഏക്കര് 9,572 കോടി രൂപക്കാണ് ഏറ്റെടുത്തത്. ഭൂമിവിലയുടെ അഞ്ചിരട്ടി തുക ഇതിന് നല്കി. ഇതുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധന വേണമെന്നും സമിതി നിര്ദേശിച്ചു.
കഴിഞ്ഞ 10 വര്ഷത്തെ കിഫ്ബിയുടെ പ്രവര്ത്തനങ്ങള് സി.എ.ജി പെര്ഫോമന്സ് ഓഡിറ്റിന് വിധേയമാക്കാനും സമിതി ശുപാര്ശ ചെയ്തു. ഇനി മുതല് വിപണിയില്നിന്ന് നേരിട്ട് വായ്പയോ ഫണ്ടോ സമാഹരിക്കാന് കിഫ്ബിയെ അനുവദിക്കരുത്.
സര്ക്കാറിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും കടം തിരിച്ചടക്കാന് ഉപയോഗിക്കുകയാണ്. കിഫ്ബിയുടെ നിലവിലെ സാമ്പത്തിക ബാധ്യതകളും തിരിച്ചടവുകളും സംസ്ഥാന സര്ക്കാര് വാര്ഷിക ബജറ്റിലൂടെ ഏറ്റെടുക്കണമെന്നും വിദഗ്ധ സമിതി നിര്ദേശിച്ചു.
നിലവിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള് അതത് സര്ക്കാര് വകുപ്പുകള് നേരിട്ട് പൂര്ത്തിയാക്കണം. കിഫ്ബിയിലെ ജീവനക്കാരെയും പദ്ധതി നിരീക്ഷണ വിഭാഗങ്ങളെയും സംസ്ഥാന ആസൂത്രണ ബോര്ഡിലേക്കും ധനകാര്യ വകുപ്പിലേക്കും മാറ്റി പുനര്വിന്യസിക്കണം.
കിഫ്ബി വഴി പുതിയ നിയമനങ്ങള് പാടില്ലെന്നും കിഫ്ബിയിലെ ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനഃക്രമീകരിക്കണമെന്നും റിപ്പോര്ട്ടില് പറയുന്നു.
കിഫ്ബിയുടെ കൺസൾട്ടിങ് സ്ഥാപനമായ കിഫ്കോൺ (കെ.ഐ.എഫ്.സി.ഒ.എൻ) സംസ്ഥാന ആസൂത്രണ ബോർഡിന് കീഴിലാക്കണം. കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കെ.ഐ.എഫ്.എം.എല്ലിലെ ഓഹരി കെ.എസ്.ഐ.ഡി.സി ഏറ്റെടുക്കണം.
പുതിയ അടിസ്ഥാനസൗകര്യങ്ങൾക്ക് പണം കണ്ടെത്താൻ ഉദ്ദേശിച്ച സംവിധാനം, കടം തിരിച്ചടക്കുന്നതിനായി സംസ്ഥാന വരുമാനത്തെ ആശ്രയിക്കുന്ന നിലയിലായെന്ന് സമിതി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.