ബാലരാമപുരം: കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന രണ്ടരവയസ്സുകാരിയെ വീടിന് സമീപത്തെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുറ്റം സമ്മതിച്ച കുട്ടിയുടെ മാതൃസഹോദരന്‍ അറസ്റ്റില്‍. മാതാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ബാലരാമപുരം കോട്ടുകാല്‍കോണം വാറുവിളാകത്തുവീട്ടില്‍ വാടകക്ക് താമസിക്കുന്ന ശ്രീജിത്ത്-ശ്രീതു ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് വ്യാഴാഴ്ച രാവിലെ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടത്.
കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹോദരന് ഹരികുമാറിനെയാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ച കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാവും ബന്ധുക്കളും ബാലരാമപുരം പൊലീസിൽ പരാതി നല്കി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പുറത്തുനിന്ന് ആരും വന്നതായി കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാരെ ചോദ്യംചെയ്തു.
ഇവരുടെ മൊഴികളിൽ സംശയം തോന്നിയതിനെതുടർന്ന് പൊലീസ് കിണറ്റില്‍ പരിശോധന നടത്താൻ ഫയര്‍ഫോഴ്സിനെ വരുത്തി. ഫയർഫോഴ്സാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കൂടുതൽ ചോദ്യംചെയ്തതോടെയാണ് ഹരികുമാര്‍ കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സമ്മതിച്ചത്.
വീട്ടില്‍ ശ്രീതുവിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയായിരുന്നു. കുട്ടി അമ്മക്കൊപ്പം ഉറങ്ങുകയായിരുന്നെന്നാണ് ഇവർ ആദ്യം മൊഴിനൽകിയത്. പിന്നീട് ഹരികുമാറിനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരക്കുമിടയില് കുഞ്ഞിന്റെ കരച്ചില് കേട്ടെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ ചോദ്യംചെയ്യലിലൂടെയേ സംഭവത്തിന്റെ ചുരുളഴിയൂവെന്നും ഡിവൈ.എസ്.പി പറഞ്ഞു. കുട്ടിയുടെ മാതാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെങ്കിലും ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെ മുറികളിലൊന്നില്‍ തീപിടിച്ചതും കുരുക്കിട്ട കയറുകള്‍ കണ്ടെത്തിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. ഹരികുമാർ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു.
വൈദ്യപരിശോധനക്കുശേഷം ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി വൈകീട്ടോടെ മാതാവിന്റെ കുടുംബവീട്ടിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.