വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച കേസിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ

കൊല്ലം: ആയൂർ മാർത്തോമ്മാ കോളജിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചെന്ന കേസിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ. നീറ്റ് പരീക്ഷയുടെ സെന്റർ സൂപ്രണ്ട് ഡോ. പ്രിജി കുര്യൻ ഐസക്, എൻ.ടി.എ നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

വിവാദമായ സംഭവം നടന്നിട്ടില്ലെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് റിപ്പോർട്ട് നൽകിയവരാണ് ഇപ്പോൾ അറസ്റ്റിലായത്. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ അധ്യാപകനാണ് ഡോ. പ്രിജി കുര്യൻ ഐസക്. മറ്റൊരു കോളജിൽ നിന്ന് ആയൂർ മാർത്തോമ്മാ കോളജിലെത്തിയ എൻ.ടി.എ നിരീക്ഷകനാണ് ഡോ. ഷംനാദ്.

അടിവസ്ത്രം അഴിച്ചു പരിശോധിക്കാൻ നിർദേശം നൽകിയത് അറസ്റ്റിലായ അധ്യാപകരാണെന്ന് പൊലീസ് അറിയിച്ചു. നീറ്റ് കൊല്ലം ജില്ലാ കോർഡിനേറ്റർ ശേഖരിച്ച വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് അധ്യാപകരെ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണ സംഘം ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അർധരാത്രിയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർ റിമാൻഡിലാണ്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂർ കമ്പം കോട് മുട്ടത്തുകേണം പുളിയറ പുത്തൻ വീട്ടിൽ എസ്. മറിയാമ്മ, തുണ്ടിൽ പടിഞ്ഞാറ്റതിൽ കെ. മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ കല്ലുമല രേവതിയിൽ ഗീതു, മഞ്ഞപ്പാറ ജിജി വിലാസത്തിൽ ബീന കടുത്താനത്ത് ഹൗസിൽ ജ്യോത്സന ജോബി എന്നിവരാണ് അറസ്റ്റിലായത്.

ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരുമാണ് റിമാൻഡിലുള്ളത്. നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Tags:    
News Summary - Two teachers were arrested in the case of undressing the students in neet exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.