ഭാരതപ്പുഴയിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പയ്യോളി അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ഇന്ദിരയുടെയും മുൻ വാർഡ് മെംബർ എസ്.പി. രമേശന്റെയും മകൻ അശ്വിൻ (11), തവനൂർ കാർഷിക എൻജിനീയറിങ് കോളജിലെ ജീവനക്കാരി ടി.കെ. മോളിയുടെയും പരേതനായ രാജേഷിന്റെയും മകൻ ആയൂർ എം. രാജ് എന്ന ആരോമൽ (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.

തവനൂർ കാർഷിക കോളജിന്റെ പിറകുവശത്തുള്ള കടവിൽ ഫുട്ബാൾ കളിക്കവെയാണ് അപകടത്തിൽപ്പെട്ടത്. കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ മുങ്ങിത്താഴുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട്, പശുവിനെ മേയ്ക്കാൻ വന്ന ആളുകൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റിപ്പുറം എം.ഇ.എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആയൂർ രാജ്. രണ്ട് വർഷം മുമ്പാണ് ആയൂർ രാജിന്റെ പിതാവ് മരിക്കുന്നത്. സഹോദരി: അംഗിത. അശ്വിൻ ആയൂർ രാജിന്റെ ബന്ധുവാണ്.

Tags:    
News Summary - Two Students drowned Bharatpuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.