മാനന്തവാടി: ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്താട പരേതനായ വാഴപ്ലാംകുടി ബിനുവിന്റെ മകൻ അജിൻ ബിനു (15), കളപ്പുരയ്ക്കൽ ബിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (13) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ കൂട്ടുകാരായ അഞ്ചംഗ സംഘം വാളാട് പുലിക്കാട് ചെക്ക്ഡാമിൽ എത്തുകയായിരുന്നു. കുളിക്കുന്നതിനിടെ രണ്ടുപേരും മുങ്ങി. കൂട്ടുകാർ ബഹളംവെച്ചതോടെ നാട്ടുകാരും വാളാട് റെസ്ക്യൂ ടീമും സ്ഥലത്തെത്തി ഇരുവരെയും രക്ഷിച്ച് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അജിൻ കല്ലോടി സെന്റ് ജോസഫ്സ് സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. പിതാവ് ബിനു 10 മാസം മുമ്പാണ് ബൈക്കപകടത്തിൽ മരിച്ചത്. മാതാവ്: പ്രവീണ. സഹോദരൻ: അലൻ.
ക്രിസ്റ്റി കണിയാരം ഫാ. ജി.കെ.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ടിന്റു. സഹോദരി: ജിയോണ. ബിനീഷിന്റെ സഹോദരിയാണ് പ്രവീണ. മാനന്തവാടി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.