പന്തളം: പത്തനംതിട്ടയിൽ വിദ്യാർഥിനി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പന്തളത്ത് രണ്ട് ഐ.ടി.ഐ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര ഗവ. ഐ.ടി.ഐ വിദ്യാർഥികളായ അടൂർ കടമ്പനാട് തുവയൂർ സൗത്ത് ആകാശ് (22), അടൂർ മണ്ണടി പേരൂർ വീട്ടിൽ അക്ഷയ് (19) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനിൽ ഇതേ കേസിന്റെ അടിസ്ഥാനത്തിൽ 27 പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
2024ൽ ഫോൺ വിളിച്ച് പെൺകുട്ടിയോട് അടൂർ സ്വദേശിയായ ആകാശിന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റൊരു പ്രതി അക്ഷയ് തുമ്പമണ്ണിൽ നിന്നും ബൈക്കിൽ പെൺകുട്ടിയെയും കൂട്ടി ആകാശിന്റെ വീട്ടിലെത്തിച്ചു. ഇരുവരും വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അതിജീവിതയായ പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിക്ക് സമീപം വെച്ച് 4 പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയതായും പൊലീസ് വെളിപ്പെടുത്തിയിരുന്നു. 2024 ജനുവരിയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചും പീഡനത്തിന് ഇരയായിട്ടുണ്ട്.
ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ആറുപേരും പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത ഏഴുകേസുകളിൽ 21 പേരുമാണ് നേരത്തെ അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് ചോദ്യംചെയ്യലിനു ശേഷമാകും രേഖപ്പെടുത്തുക. പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ പിടിയിലായ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.
പത്തനംതിട്ട പൊലീസ് ശനിയാഴ്ച വൈകീട്ട് റാന്നിയിൽനിന്നാണ് ആറുപേരെ പിടികൂടിയത്. പി. ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരാണ് പിടിയിലായത്. വിശദ ചോദ്യംചെയ്യലിന് ശേഷം ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം പ്ലസ് ടുവിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നി മന്ദിരംപടിയിലെ റബർതോട്ടത്തിൽ എത്തിച്ച് കാറിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ദീപു പെൺകുട്ടിയെ വിളിച്ചുവരുത്തിയാണ് കാറിൽ കൊണ്ടുപോയത്. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി ഇനി മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20) എന്നിവരും ഒരു കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനിൽ ഇന്നലെ പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ ലിജോ(26) അറസ്റ്റിലായി.
പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്പ്പെടെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പോലീസ് കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരുകയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.