ഇസ്​ദ്ദീൻ, സഖറിയ സൈനുദ്ദീൻ, നസീർ

രണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ മരിച്ചു; നേരത്തെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

പരവൂർ (കൊല്ലം): ബുധനാഴ്ച വെളുപ്പിന് മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ മരിച്ചു. കഴിഞ്ഞ 16ന് കാണാതായ മത്സ്യത്തൊഴിലാളി നസീറിെൻറ മൃതദേഹവും കണ്ടെത്തി. ബുധനാഴ്ച രാവിലെ പോയ പരവൂർ കോങ്ങാൽ ധർമ്മക്കുടിയിൽ അബ്​ദുൽ റഹ്​മാെൻറ മകൻ ഇസ്​ദ്ദീൻ (50), കോങ്ങാൽ കൊച്ചുതൊടിയിൽ വീട്ടിൽ സഖറിയ സൈനുദ്ദീൻ (50) എന്നിവരാണ് മരിച്ചത്. കോങ്ങാൽ വടക്കുംഭാഗം പള്ളിക്കു സമീപത്തെ ചില്ലക്കൽ നിന്നാണ് ഇരുവരും കട്ടമരത്തിൽ കടലിൽ പോയത്. പുറപ്പെട്ടതിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹം കിട്ടിയത്.

പരവൂർ തെക്കുംഭാഗം ആസിഫ് മൻസിലിൽ സലാഹുദ്ദീെൻറ മകൻ നസീറിനെ (45) കഴിഞ്ഞ ഞായറാഴ്ചയാണ് മത്സ്യബന്ധനത്തിനിടെ കാണാതായത്. ഒപ്പമുണ്ടായിരുന്ന തെക്കുംഭാഗം മാണിക്കഴികത്ത് വീട്ടിൽ ഷജീർ നീന്തി കരക്കെത്തിയിരുന്നു. തെക്കുംഭാഗം തോട്ടുകുഴി ഭാഗത്തുനിന്ന് രാവിലെ അഞ്ചരയോടെയാണ് നസീറും ഷജീറും കടലിൽ പോയത്. നസീറിനുവേണ്ടി രണ്ടുദിവസം തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ബുധനാഴ്​ച നടത്തിയ തെരച്ചിലിൽ വർക്കലക്ക് സമീപം മാന്തറ ഭാഗത്തുനിന്ന്​ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോസ്​റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്​മെൻറ്, മറൈൻ പൊലീസ്​ എന്നിവരും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

കട്ടമരം മറിഞ്ഞാണ് രണ്ടുദിവസവും അത്യാഹിതമുണ്ടായത്. കടലിലിറങ്ങി ഏറെക്കഴിയും മുമ്പ് ശക്തമായ തിരയിൽപ്പെട്ട് കട്ടമരങ്ങൾ മറിയുകയായരുന്നു. മറിഞ്ഞ കട്ടമരത്തിൽ പിടിക്കാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതാണ് രക്ഷപ്പെടാൻ കഴിയാതിരുന്നതിന് കാരണം. രണ്ടു ദിവസവും സമാനമായ രീതിയിലാണ് അപകടമുണ്ടായത്. തിരയിൽപ്പെട്ട കട്ടമരം ദൂരേക്ക് തെന്നിമാറിയതിനാലാണ് പിടിക്കാൻ സാധ്യമാകാതിരുന്നതെന്നാണ്​ കരുതുന്നത്​.

മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ. കോവിഡ് പരിശോധന നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഇസ്​ദ്ദീെൻറ ഭാര്യ: നബീസത്ത്. മക്കൾ: ഹന്ന, ഇബിന. സഖറിയയുടെ ഭാര്യ: സജിന. മക്കൾ: മുഹമ്മദ് സുലൈം, നബീസത്തുൽ മിസിനിയ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.