മുസ്‌ലിം ലീഗ് സ്‌നേഹഭവനങ്ങളുടെ താക്കോൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറുന്നു
കൽപറ്റ: നഷ്ടങ്ങളുടെ ഓർമകളിൽ ഉരുകുമ്പോഴും പ്രതീക്ഷയുടെ തിരിവെട്ടമായി മുസ്‌ലിം ലീഗ് ഒരുക്കിയ സ്‌നേഹഭവനങ്ങളിലക്ക് അവർ കാലെടുത്തുവച്ചു. ജീവനൊകെ എല്ലാ നഷ്ടപ്പെട്ട ഉരുൾ ദുരന്ത ബാധിതർ നിറകണ്ണുകളോടെ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും ഏറ്റുവാങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരുന്നു. മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ. ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ് എം.എൽ.എ, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ സംസാരിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി.
1060 സ്‌ക്വയർ ഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് ഒരുക്കിയത്. മുസ്‍ലിം ലീഗ് വാഗ്ദാനം ചെയ്ത് 105 വീടുകളിൽ 51 വീടുകളുടെ താക്കോലാണ് ശനിയാഴ്ച പ്രൊജക്ട് സൈറ്റിൽ കൈമാറിയത്. ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്.
കൽപറ്റ: പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർഥന നിർവഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്‍ലിം ലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഭവന സമുച്ചയത്തിൽ ഉണ്ടാകും. കൽപറ്റ ടൗണിൽനിന്ന് എട്ടു കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.