പൊരുതിത്തോറ്റ് ഇടത്-കോൺഗ്രസ് സഖ്യം, കരുത്തുകാട്ടി തിപ്ര മോത; വീണ്ടും ഭരിക്കാൻ ബി.ജെ.പി

മൂന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഏറ്റവും പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. സി.പി.എമ്മും കോൺഗ്രസും കൈകോർത്ത് പരസ്യമായി സഖ്യത്തിലേർപ്പെട്ട് ബി.ജെ.പിയെ നേരിട്ട തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ത്രിപുരയിലെ ഫലമെന്തായിരിക്കുമെന്നതിന് ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുണ്ടായിരുന്നു. പക്ഷേ, ഈ സഖ്യത്തെയും സംസ്ഥാനത്തുണ്ടായിരുന്ന ഭരണവിരുദ്ധ വികാരവുമെല്ലാം മറികടന്ന് ബി.ജെ.പി വീണ്ടും അധികാരത്തിലേറുകയാണ് ത്രിപുരയിൽ.

Full View

ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതിനൊപ്പം ബി.ജെ.പി വിരുദ്ധചേരിക്ക് തിരിച്ചടി കൂടിയാണ് ത്രിപുരയിലെ ജനവിധി. സി.പി.എം-കോൺഗ്രസ് സഖ്യത്തിന് ത്രിപുരയിൽ മാറ്റമുണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ദേശീയ രാഷ്ട്രീയത്തിൽ തന്നെ അതിന്‍റെ ചലനങ്ങളുണ്ടാകുമായിരുന്നു. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണോ വേണ്ടയോ എന്ന കാര്യത്തിൽ സി.പി.എമ്മിൽ രണ്ട് അഭിപ്രായമാണുള്ളത്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണമെന്ന് അഭിപ്രായപ്പെടുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവരുടെ വാദത്തിന് ശക്തിപകരുമായിരുന്നു ത്രിപുരയിൽ ജനവിധി മറിച്ചായിരുന്നെങ്കിൽ. പക്ഷേ അതുണ്ടായില്ല.

അപ്പുറത്ത് ബി.ജെ.പിയുടെ ആത്മവിശ്വാസം വാനോളമുയർത്തുന്നതാണ് വിജയം. പാർട്ടിയിലെ പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവുമെല്ലാം ഒന്നുചേർന്ന ഒരു സാഹചര്യത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി​പ്ല​വ് ദേ​വി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തുനി​ന്നു മാ​റ്റി പ​ക​രം മ​ണി​ക് സാഹയെ നി​യ​മി​ക്കേ​ണ്ടിവ​ന്നു. ക്രൈ​സ്ത​വ സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള ​മേ​ഖ​ല​യി​ൽ ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ അ​വ​ർ​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളോ​ട് ത​ദ്ദേ​ശീ​യർ എങ്ങനെ വോട്ടിലൂടെ പ്ര​തി​ക​രിക്കും എന്നതും ആശങ്കയായിരുന്നു. ഒരു ഭാഗത്ത് ഗോത്രവർഗ വോട്ടുകൾ ഏകീകരിച്ച് ടിപ്ര മോതയും വെല്ലുവിളിയായി. എന്നാൽ അതിനെയൊക്കെ മറികടന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 2018ൽ സംഭവിച്ചത് കേവലം യാദൃശ്ചികതയല്ലെന്നും, അത് 2023ലും ആവർത്തിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി.

ത്രിപുരയിൽ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കക്ഷി ഗോ​ത്രവ​ർ​ഗ​ സംഘടനയായ ടിപ്ര മോതയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇല്ലാതിരുന്ന പാർട്ടി, ഇത്തവണ ഗോത്രമേഖലയിൽ ശക്തമായ സ്വാധീനമായി. 'ടിപ്രാലാൻഡ്' എന്ന പ്രത്യേക സംസ്ഥാനമാണ് ഇവരുടെ ആവശ്യം. ഈ ആവശ്യത്തോട് യോജിക്കാമെങ്കിൽ കോൺഗ്രസ്-സി.പി.എം സഖ്യത്തിന് പിന്തുണ നൽകാനും ഇവർ തയാറായിരുന്നു. ത്രിപുരയിലെ 12 ല​ക്ഷം ഗോ​ത്രവ​ർ​ഗ​ക്കാ​രും 20 സം​വ​ര​ണ സീ​റ്റു​ക​ളും തെരഞ്ഞെടുപ്പിൽ നിർണായകമായി.

ത്രിപുര തെരഞ്ഞെടുപ്പിന്‍റെ ആകെത്തുക നോക്കുകയാണെങ്കിൽ സി.പി.എം-കോൺഗ്രസ് സഖ്യം ഒരിക്കൽ കൂടി അപ്രസക്തമായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നേരത്തെ ബംഗാളിൽ പരീക്ഷിച്ച് വലിയ പരാജയം ഏറ്റുവാങ്ങി. ഇത്തവണ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ത്രിപുരയിലും വിജയം കാണാനായില്ല. ഒരുപക്ഷേ, ദേ​ശീ​യ​ത​ല​ത്തി​ൽ തന്നെ മാ​തൃ​ക​യാ​യി ഉയർത്തിക്കൊണ്ടുവരാമായിരുന്ന സഖ്യത്തിന്‍റെ പരാജയം ബി.ജെ.പി വിരുദ്ധ ചേരിക്ക് തിരിച്ചടിയാണ്. 

Tags:    
News Summary - Tripura assembly election analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.