കാക്കനാട്: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിസ്ഥാനത്തുള്ള ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെ തുടർച്ചയായ മൂന്നാംദിവസവും ചോദ്യംചെയ്ത് വിട്ടയച്ചു. തൃക്കാക്കര അസി. കമീഷണറുടെ ഓഫിസിലായിരുന്നു ചൊവ്വാഴ്ച ചോദ്യംചെയ്തത്. ബുധനാഴ്ച രാവിലെയും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
പരാതിക്കാരിയെയും മൊഴിയെടുക്കുന്നതിനായി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. പരാതിയിലെ വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനും കൂടുതൽ തെളിവുകൾ തേടുന്നതിനുമാണ് വിളിച്ചുവരുത്തിയത്. ശക്തമായ തെളിവുകൾ ലഭിച്ചതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
തിങ്കളാഴ്ച രാത്രി വിട്ടയച്ച സുനുവിനോട് ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു സുനു എ.സി ഓഫിസിലെത്തിയത്. പകൽ മുഴുവൻ നീണ്ട ചോദ്യംചെയ്യലിന് ശേഷം വൈകീട്ടോടെയാണ് വിട്ടയച്ചത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിൽ 10 പേർക്കെതിരെയാണ് കേസ്. ഒന്നാംപ്രതി ഇവരുടെ വീട്ടുജോലിക്കാരിയും രണ്ടാംപ്രതി ഭർത്താവിന്റെ സുഹൃത്തുമാണ്. മൂന്നാംപ്രതിയാണ് സുനു. ഇവർ ഉൾപ്പെടെ അഞ്ചുപേരെയാണ് തിരിച്ചറിഞ്ഞത്. ആദ്യ മൂന്നുപേരെ മാത്രമാണ് ഇതിനകം ചോദ്യംചെയ്തത്. ബാക്കി ഏഴുപേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സി.ഐക്കെതിരെ മുമ്പും കേസുകളുണ്ടായിരുന്നത് പരിഗണിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും കൊച്ചി ഡി.സി.പി എസ്. ശശിധരൻ വ്യക്തമാക്കി. ഡി.സി.പിയുടെ മേൽനോട്ടത്തിൽ തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.