മേപ്പാടി: ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. അട്ടമല ഏറാട്രകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ കൃഷ്ണന്‍റെ ഭാര്യ ശാന്തയെ കാണാതായെന്നാണ് പരാതിയുള്ളത്. വനംവകുപ്പും പൊലീസും എസ്.ഒ.ജി വിഭാഗവും ഡ്രോണിന്‍റെ സഹായത്തോടെ സ്ത്രീക്കായി തിരച്ചിൽ നടത്തിയെങ്കിലും ബുധനാഴ്ച വൈകീട്ട് വരെ കണ്ടെത്തിയില്ല. ഉരുൾ ദുരന്തമുണ്ടായപ്പോൾ ഇവരെ അട്ടമലയിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. എന്നാൽ, സമീപത്തുള്ള മറ്റ് ആളുകളുമായി കൃഷ്ണൻ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് അറിയുന്നത്.
അതിനാൽ ഉന്നതിയിലെ വീട്ടിൽ താമസിക്കാതെ ഒഴിഞ്ഞു മാറി നടക്കുന്ന രീതിയുണ്ടെന്നും പറയപ്പെടുന്നു.ഗർഭിണിയായ ശാന്തയെ ഏതാനും ദിവസം മുമ്പ് വൈത്തിരി ഗവ. ആശുപത്രിയിൽ കാണിച്ചിരുന്നു. ഈ മാസം 30ന് പ്രസവം നടക്കേണ്ട തീയതിയാണെന്ന് പറയുന്നു. ആശുപത്രിയിൽനിന്ന് പോന്ന ശാന്തയും ഭർത്താവ് കൃഷ്ണനും ഇളയ കുട്ടിയും കൂടി ഏറാട്രകുണ്ട് ഉന്നതിയുടെ താഴെ ഭാഗത്തേക്ക് പോയിട്ട് കുറച്ചു ദിവസങ്ങളായി. ബന്ധുക്കളുമായി കൃഷ്ണൻ അകൽച്ചയിലായതിനാൽ അവരുടെ വീടുകളിലൊന്നും പോകാറില്ലെന്നാന്ന് വിവരം.
ദിവങ്ങൾക്കു മുമ്പ് ചില്ലറ സാധനങ്ങൾ വാങ്ങാനായെത്തിയ കൃഷ്ണനെ വനപാലകരിൽ ചിലർ കാണുകയും ഭാര്യയെയും കുട്ടിയെയും കൂട്ടി വരാൻ ആവശ്യപ്പെടുകയും ചെയ്തു. കൃഷ്ണൻ അത് സമ്മതിച്ച് തിരികെ പോയെങ്കിലും ഇതു വരെ ഭാര്യയെയും കുട്ടിയെയും കൂട്ടി വന്നില്ല. വനമേഖലയിലെവിടെയെങ്കിലും പാറയിടുക്കിലൊക്കെ കഴിയുന്ന രീതിയുള്ളതിനാൽ അങ്ങിനെ കഴിയുന്നുണ്ടാകാമെന്നാണ് വനം വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ശാന്ത ഗർഭിണിയാണെന്നതിനാൽ കുടുംബത്തെ എങ്ങനെയെങ്കിലും പുറത്തെത്തിക്കണമെന്ന പട്ടികവർഗ വകുപ്പധികൃതരുടെ ആവശ്യം കൂടി കണക്കിലെടുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളിലും തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.