വൈറൽ ആവാൻ എന്ത് നെറികേടും കാണിക്കുന്ന മനുഷ്യർ... നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് സ്വന്തം ജീവൻ നൽകേണ്ടിവന്നു -ഭാഗ്യലക്ഷ്മി

കോഴിക്കോട്: ബസിൽനിന്നുള്ള ദൃശ്യം യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അയാൾ മോശമായി പെരുമാറിയെന്ന് പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കാണിക്കണമായിരുന്നു എന്ന് ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തിൽ കുറിച്ചു.

വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി എന്നും അവർ കുറിച്ചു.

ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തിൽ കുറിച്ചത്

‘‘ബസ്സിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത്‌ പ്രകടമാകും. പക്ഷെ ഈ വിഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്?’’

‘‘ഒരാളുടെ നിരപരാധിത്തം തെളിയിക്കാൻ / വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു. അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി.’’

Tags:    
News Summary - People who do anything to go viral says Bhagyalakshmi on Bus molestation accusation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.