ഹൈന്ദവർ കൂടുതലുള്ളിടത്ത് എവിടെയെങ്കിലും മാർക്സിസ്റ്റ് പാർട്ടി മുസ്‌ലിം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടോ? -പി.എം.എ സലാം

കോഴിക്കോട്: സജി ചെറിയാന്‍റെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരം കാരണം സി.പി.എമ്മിന്‍റെ സമചിത്തത നഷ്ടപ്പെട്ടുവെന്നും ജയിക്കാൻ എന്ത് ചെയ്യണമെന്ന വെപ്രാളത്തിൽ പലതും വിളിച്ച് പറയുകയാണെന്നും പി.എം.എ സലാം പറഞ്ഞു.

കേരളം ഇത്രയും കാലം നേടിയ സാമൂഹിക വളർച്ചയുടെ അർത്ഥമെന്താ? അതാരാണ് നശിപ്പിക്കുന്നത്? പേര് നോക്കിയാണോ ജനാധിപത്യം നിശ്ചയിക്കുന്നത്? വർഗീയത വളരുന്നതിന് തടസ്സം ലീഗ് തന്നെയാണ്. ലീഗിനെപ്പോലെ സാമുദായിക സൗഹാർദത്തിനും പരസ്പര ഐക്യത്തിനും സ്നേഹത്തിനുംവേണ്ടി നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കാണിക്കാൻ കഴിയില്ല. നിർണായക ഘട്ടങ്ങളിൽ മാതൃകാപരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗ്. അത് മറച്ചുവെച്ച് സജി ചെറിയാനല്ല, ബാലനല്ല, പിണറായി പറഞ്ഞാൽ പോലും കേരളീയ പൊതുസമൂഹം അംഗീകരിക്കില്ല എന്നതിനുള്ള തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം -പി.എം.എ സലാം പറഞ്ഞു.

ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ തരാംതരം പോലെ പ്രീണിപ്പിച്ചത് മാർക്സിസ്റ്റ് പാർട്ടിയാണ്. മുസ്‌ലിം ലീഗിന് വർഗീയത പോരാ എന്ന് പറഞ്ഞ് കേരളത്തിൽ തീവ്രവാദ സംഘടനകളെ മുഴുവൻ പ്രോത്സാഹിപ്പിച്ചത് സി.പി.എമ്മല്ലേ. പി.ഡി.പിയെ വളർത്തിയത് ആരാ? പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് സി.പി.എം ഭരിച്ചത്. ഇപ്പോൾ ഒരു സീറ്റ് പോലും ഇല്ലാതെയായി. പത്തനംതിട്ടയിൽ തോൽപ്പിച്ചത് ലീഗാണ് -അദ്ദേഹം പറഞ്ഞു.

മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നത് എന്താണ്? മുസ്‌ലിം ഭൂരിപക്ഷമുള്ളിടത്ത് മുസ്ലിം സ്ഥാനാർഥികളെ നിർത്തുന്നില്ലേ? ഹൈന്ദവർ കൂടുതലുള്ളിടത്ത് എവിടെയങ്കിലും മാർക്സിസ്റ്റ് പാർട്ടി മുസ്‌ലിം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടോ? ബി.ജെ.പി പോലും മലപ്പുറത്തേക്ക് ഒരു ബാദുഷ തങ്ങളെ നിർത്തിയിരുന്നു. എല്ലാ പാർട്ടികളും ആ പ്രദേശത്തിലെ വോട്ട് കിട്ടാൻ അവിടുത്തെ സാമുദായിക സമവാക്യങ്ങൾ നോക്കി സ്ഥാനാർഥികളെ നിർത്താറുണ്ട്. മാർക്സിസ്റ്റ് പാർട്ടി അതുകൊണ്ടല്ലേ മലപ്പുറം ജില്ലയിൽ പാർട്ടിയുമായോ കമ്യൂണിസവുമായോ യാതൊരു ബന്ധവുമില്ലാത്ത ആളുകളെ പിടിച്ചുകൊണ്ടുവന്ന് നിർത്തുന്നത്. മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്‌ലിം സമുദായത്തിലെ ധനാഢ്യരായ പ്രമാണിമാരെയാണ് രംഗത്തിറക്കിയത്. -പി.എം.എ സലാം തിരിച്ചടിച്ചു.

വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നാണ് മന്ത്രി സജി ചെറിയാൻ ഇന്നലെ പറഞ്ഞത്. ഇത് വിവാദമായതോടെ ഇന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ വളർത്താൻ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്‍റെ ഒരു ഉദാഹരണമാണ് പറഞ്ഞതെന്നും സജി ചെറിയാൻ ഇന്ന് പറഞ്ഞു.

കാസർകോട് മുനിസിപ്പാലിറ്റിയിലെ ആളുകളുടെ പേര് നോക്കണമെന്ന് പറഞ്ഞത്, ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ പേര് നോക്കാനല്ല. അവിടെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. അവിടെ വർഗീയത പറഞ്ഞ ബി.ജെ.പിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയിൽ 12 സീറ്റ് കിട്ടി. ഏത് മതവിഭാഗത്തിന്‍റെ വോട്ടാണ് അവർക്ക് കിട്ടിയത്? അവിടുത്തെ ലീഗ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് 22 സീറ്റ് ജയിച്ചു. ഈ പറഞ്ഞ ബി.ജെ.പി ജയിപ്പിച്ച ആളുകളുടെ പേരും ലീഗ് ജയിപ്പിച്ച ആളുകളുടെ പേരും വായിക്കാനേ ഞാൻ പറഞ്ഞുള്ളൂ. അതുകൊണ്ട് കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നമ്മൾ ശ്രദ്ധിക്കണമെന്നും സജി ചെറിയാൻ ഇന്ന് പറഞ്ഞു.

Tags:    
News Summary - Has the Marxist Party fielded Muslim candidate anywhere in a Hindu majority area asks PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.