തിരുവനന്തപുരം: വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ.
ആർ.എസ്.എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ വളർത്താൻ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍റെ ഒരു ഉദാഹരണമാണ് ഞാൻ പറഞ്ഞത് -കാസർകോട് മുനിസിപ്പാലിറ്റി. അവിടുത്തെ ആളുകളുടെ പേര് നോക്കണമെന്ന് ഞാൻ പറഞ്ഞത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ പേര് നോക്കാനല്ല. അവിടെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. അവിടെ വർഗീയത പറഞ്ഞ ബി.ജെ.പിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയിൽ 12 സീറ്റ് കിട്ടി. ഏത് മതവിഭാഗത്തിന്‍റെ വോട്ടാണ് അവർക്ക് കിട്ടിയത്? അവിടുത്തെ ലീഗ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് 22 സീറ്റ് ജയിച്ചു. ഈ പറഞ്ഞ ബി.ജെ.പി ജയിപ്പിച്ച ആളുകളുടെ പേരും ലീഗ് ജയിപ്പിച്ച ആളുകളുടെ പേരും വായിക്കാനേ ഞാൻ പറഞ്ഞുള്ളൂ. അതുകൊണ്ട് കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നമ്മൾ ശ്രദ്ധിക്കണം -സജി ചെറിയാൻ പറഞ്ഞു.
ബഹുമാന്യനായ പ്രതിപക്ഷ നേതാവ്, ബഹുമാന്യനായ കാന്തപുരത്തിന്‍റെ സമ്മേളനത്തിൽ ആ പറഞ്ഞ പദം പറയാൻ പാടില്ല. അദ്ദേഹം ഉദ്ദേശിച്ച രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അത് അവിടെ പറയാൻ പാടില്ല. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പതിനായിരക്കണക്കിന് ആളുകൾ ഇരിക്കുന്ന സ്ഥലത്ത് കേരളത്തിലെ മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രിയെ പോലൊരു മതേതരവാദി ഇന്ത്യയിലുണ്ടോ? ഏത് പ്രതിസന്ധിയിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ കൂടെ മുഖ്യമന്ത്രി നിൽക്കാതിരുന്നത്? -സജി ചെറിയാൻ ചോദിച്ചു.
സജി ചെറിയാന്‍റെ വിവാദ പ്രസ്താവനക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ വാക്കുകൾ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.