മണ്ണില്ല, കൂരയുമില്ല; വേണം പ്രത്യേക പാക്കേജ്: ഭാഗം 3

അഭയാര്‍ഥികളെ പോലെ ജീവിക്കുന്ന ആദിവാസി സ്ത്രീകള്‍ എടക്കരയിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. സഹോദരികളായ മിനിയുടെയും സുന്ദരിയുടെയും ഇവരുടെ ചെറിയമ്മ കുഞ്ഞോളുടെയും ജീവിതം വര്‍ഷങ്ങളായി തെരുവിലാണ്. പകലന്തിയോളം അലഞ്ഞുതിരിഞ്ഞ് ആരെങ്കിലും കൊടുക്കുന്ന ഭക്ഷണവും കഴിച്ച് രാത്രി ഏതെങ്കിലും കടവരാന്തകളില്‍ ഇവര്‍ തലചായ്ക്കും. ഒരു തുണ്ട് മണ്ണോ ആരെയും പേടിക്കാതെ കിടന്നുറങ്ങാന്‍ വീടോ ഇവര്‍ക്കില്ല. അറനാടന്‍ വിഭാഗത്തിലെ പകുതിയോളം കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. ഭൂമിയില്ല, കിടപ്പാടമില്ല, രണ്ടോ മൂന്നോ സെന്‍റ് ഭൂമിയുള്ളവര്‍ക്ക് തന്നെ ഉടമസ്ഥാവകാശവുമില്ല.

‘‘ആറ് മാസം കാട്, ആറ് മാസം നാട് എന്ന രീതിയിലായിരുന്നു ഞങ്ങളുടെ ജീവിതം. കാട്ടില്‍ പാറപ്പുറത്തോ മറ്റോ അന്തിയുറങ്ങും. ദിവസങ്ങള്‍ കഴിഞ്ഞ് നാട്ടില്‍ എത്തുമ്പേഴേക്കും ഞങ്ങളുടെ പുരയിടവും സ്ഥലവുമെല്ലാം നാട്ടുകാര്‍ വളച്ചുകെട്ടിയെടുത്തിരിക്കും. ഏക്കര്‍ കണക്കിന് സ്ഥലമുണ്ടായിരുന്നു ഓരോ അറനാടനും. നാട്ടുകാരെ പേടിയായതിനാല്‍ ഞങ്ങളെല്ലാരും വേറെ സ്ഥലം തേടി പോകും. സ്ഥിരമായി ഒരിടത്ത് പാര്‍പ്പുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പഠിപ്പും വിവരവുമില്ലല്ളോ, ഒന്നിനും ഒരു കടലാസും ഞങ്ങളുടെ അച്ഛനമ്മമാരുടെ കൈയിലുണ്ടായിരുന്നില്ല. ഇടക്ക് ഞങ്ങളുടെ അച്ഛന് സര്‍ക്കാറില്‍നിന്ന് ഭൂമിയുടെ കടലാസ് കിട്ടിയിരുന്നു, അത് കത്തിപ്പോയെന്നാ അമ്മ പറഞ്ഞത്. സ്ഥലമെല്ലാം നാട്ടുകാര്‍ എടുത്തു’’ അരനാടന്‍പാടത്തെ ഉണിച്ചന്തത്തെ വീട്ടിലരുന്ന് തങ്കമണി ഓര്‍മകള്‍ പങ്കുവെച്ചു.

അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പുഞ്ചയില്‍ താമസിക്കുന്ന രാജന്‍ -ആതിര ദമ്പതികള്‍ നാല് കുഞ്ഞുങ്ങളെയുമെടുത്ത് തലചായ്ക്കാനൊരിടത്തിനായി ഓടാത്ത സ്ഥലങ്ങളില്ല. കയറിക്കിടക്കാന്‍ പേരിനൊരു കൂരപോലുമില്ല ഇവര്‍ക്ക്. പലയിടങ്ങളിലായി താമസിച്ച് ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ പാടത്ത് ഷീറ്റ് കെട്ടി താമസിക്കുകയാണ് ഇവര്‍. നനഞ്ഞ തറയില്‍ ചാക്കും പായയും വിരിച്ചാണ് ഒരുവയസ്സുള്ള കുഞ്ഞിനെയും മൂന്നു കുട്ടികളെയും കിടത്തിയുറക്കുന്നത്. ഇതേ കോളനിയിലെ മഞ്ഞി-ശോഭ ദമ്പതികളുടെയും മക്കളുടെയും അവസ്ഥ ഇതുതന്നെ. പിഞ്ചുകുഞ്ഞുങ്ങളുമായി ചെറുകാറ്റില്‍ പോലും നിലം പൊത്താവുന്ന ഷെഡില്‍ മഴയും വെയിലുമേറ്റ് ജീവിതം തള്ളിനീക്കുകയാണ് ഈ നഷ്ടജന്‍മങ്ങള്‍. ഒളര്‍വട്ടത്തെ അറനാടന്‍ സഹോദരങ്ങളായ കണ്ടന്‍, സുനില്‍ എന്നിവര്‍ക്ക് ഭൂമിയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് അണക്കെട്ട് നിര്‍മാണത്തിനുള്ള തൊഴിലാളികള്‍ താമസിച്ച കോട്ടേഴ്സിലായിരുന്നു പണ്ട് കാലം മുതലേ ഇവരുടെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്.  കോട്ടേഴ്സ് ഇടിഞ്ഞുപൊളിഞ്ഞു. രണ്ട് ഏക്കറോളം ഭൂമിയും ഇവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ഇവര്‍ ഷീറ്റ് വെച്ചുകെട്ടിയാണ് അന്തിയുറങ്ങുന്നത്. പൊട്ടിക്കല്ല് കോളനിയയിലെ ചന്ദ്രന്‍-സുമതി ദമ്പതികള്‍ക്ക് പേരിനൊരു വീടുണ്ടെങ്കിലും അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്.

‘‘ഞങ്ങളുടെ കോളനി 3.30 ഏക്കറിലാണ്. ഇതിലാണ് 21 കുടുംബങ്ങള്‍ താമസിക്കുന്നത്. മൂപ്പന്‍ ജീവിച്ചിരുന്ന കാലത്ത് ഭൂമിയുടെ എന്തോ കടലാസ് അദ്ദേഹത്തിന്‍െറ കൈയിലുണ്ടായിരുന്നു. മൂപ്പന്‍ മരിച്ചതോടെ അത് കളഞ്ഞുപോയി. ഇപ്പോള്‍ ഞങ്ങളുടെ ഈ ഭൂമിക്ക് ഒരു രേഖയുമില്ല. വില്ളേജില്‍ പലതവണ പോയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. കൊട്ടുപാറ കോളനിയിലെ സുമതി പറയുന്നു.
ഭൂരഹിത ആദിവാസികള്‍ക്ക് നല്‍കുന്ന ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതി പ്രകാരം വയനാട്ടില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഭൂമി തട്ടിയെടുത്തതായ വാര്‍ത്ത വലിയ വിവാദം ഉണ്ടാക്കുന്നുണ്ട്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട മണ്ണ് മറ്റുള്ളവര്‍ കുറുക്കുവഴികളിലൂടെ തട്ടിയെടുക്കുമ്പോള്‍ ഒരു തുണ്ട് മണ്ണിനായി വര്‍ഷങ്ങളായി ഓഫിസ് വരാന്തകള്‍ കയറിയിറങ്ങുകയാണ് ഈ ഹതഭാഗ്യര്‍.

വേണ്ടത് അടിയന്തര ഇടപെടല്‍

ഭൂമുഖത്ത്നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിഭാഗമായിട്ടും ആദിവാസികള്‍ക്കുള്ള ഒരു സ്പെഷല്‍ പാക്കേജിലും അറനാടര്‍ക്ക് ഇടമില്ല. പ്രാക്തന ഗോത്ര വിഭാഗമായി ഇവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടു പോലുമില്ല. പുതിയ സര്‍ക്കാറിന്‍െറ ബജറ്റില്‍ ആദിവാസികള്‍ക്കുള്ള പ്രത്യേക പാക്കേജില്‍ അറനാടരെ കൂടി ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ അംഗീകാരമായിരുന്നു. ഇതിന്‍െറ മുന്നോടിയായി സബ് കലക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ അറനാടരുടെ സംഗമം വിളിച്ചുചേര്‍ത്തിരുന്നു.

അറനാടന്‍ വിഭാഗത്തെ അടിയ-പണിയ-കാട്ടുനായ്ക ഗോത്ര വിഭാഗ വികസനത്തിനുള്ള പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫിസര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് ജൂണ്‍ ഒന്നിന് റിപ്പോര്‍ട്ട് നല്‍കിയതുമാണ്. എന്നാല്‍, ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഭൂമി, പാര്‍പ്പിടം തുടങ്ങി എല്ലാ രംഗങ്ങളിലും അങ്ങേയറ്റം പിന്തള്ളപ്പെട്ട ഈ ജനവിഭാഗത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍െറയും സമൂഹത്തിന്‍െറയും ബാധ്യതയാണ്.

ഭാഷ, ആചാരം, സംസ്കാരം തുടങ്ങിയവയിലെല്ലാം വ്യതിരിക്തത പുലര്‍ത്തുന്ന ഈ ആദിമ ഗോത്ര സമൂഹത്തെ സംരക്ഷിക്കുകയെന്നത് സമൂഹത്തിന്‍െറ ആവശ്യമാണ്. വന്ധ്യംകരണം പോലുള്ള അശാസ്ത്രീയ നടപടികളിലൂടെ ഒരു ജനതയെ വംശനാശത്തിലേക്ക് തള്ളിയിട്ട ഭരണകൂടം ഈ വൈകിയ വേളയിലെങ്കിലും ഇവരോട് പ്രയശ്ചിത്തം ചെയ്യണം, അവരെ ഈ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍ അടിയന്തരമായി ആവിഷ്കരിക്കണം.

(അവസാനിച്ചു)

അതിജീവനത്തിന്‍െറ അപൂര്‍വ ശബ്ദങ്ങള്‍

സാഹചര്യങ്ങള്‍ നിരന്തരം ഉടക്കിട്ടിട്ടും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ചെറതായെങ്കിലും വിജയിച്ച ചിലരുണ്ട് അറനാടന്‍ വിഭാഗത്തില്‍.
ഈ വിഭാഗത്തില്‍നിന്നുള്ള ആദ്യ ബിരുദ ധായായ അറനാടന്‍പാടം ഉണിച്ചന്തം കോളനിയിലെ വി.കെ. സുരേഷ്ബാബു ആണ് അതിലൊന്ന്. കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത സുരേഷ് ഇപ്പോള്‍ പാലേമാട് പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡനായി താല്‍കാലികാടിസ്ഥാനത്തില്‍ ജോലി നോക്കുകയാണ് ഈ ചെറുപ്പക്കാരന്‍. അറനാടന്‍ വിഭാഗത്തിന്‍െറ വിവിധ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുന്നതില്‍ സുരേഷ് കാര്യമായ പങ്കുവഹിക്കുന്നു. സുരേഷിന്‍െറ അനിയത്തി സീത ഡിഗ്രിക്ക് പഠിക്കുന്നു.

അറനാടരിലെ ആദ്യ അധ്യാപികയാണ് കരുളായി വള്ളിക്കെട്ട് കോളനിയിലെ പി.സി. ബിന്ദു. അറനാടരില്‍നിന്ന് ആദ്യമായി പത്താം ക്ളാസ് വിജയിച്ചത് ഇവരാണ്. 2007ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ടീച്ചര്‍ ഇപ്പോള്‍ മൂത്തേടം ജി.എച്ച്.എസ്.എസില്‍ എല്‍.പി വിഭാഗത്തില്‍ അധ്യാപികയാണ്. പ്രീഡിഗ്രി കാലം മുതലേ തന്‍െറ വിഭാഗം നേരിടുന്ന പ്രശ്നങ്ങളും സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വനംവകുപ്പില്‍ ഉദ്യോഗസ്ഥരായ ബീനയാണ് അറനാടരില്‍നിന്ന് ആദ്യമായി സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയത്.

വനം വകുപ്പില്‍ ഗാര്‍ഡ് ആയ ഇവര്‍ വള്ളിക്കെട്ട് കോളനിയിലാണ് താമസം. കൊട്ടുപാറ കോളനിയിലെ മനോജ് പ്ളസ്ടു പഠനം പൂര്‍ത്തിയാക്കി ഏതാനും വര്‍ഷം എസ്.ടി പ്രമോട്ടറായി ജോലി നോക്കിയിരുന്നു. എന്നാല്‍, നട്ടെല്ലിന് ബാധിച്ച ഗുരുതര രോഗം ഈ ചെറുപ്പക്കാരന്‍െറ ഭാവി ഇല്ലാതാക്കി. വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് ഈ ചെറുപ്പക്കാരന്‍.

 

 

 

 

 

 

Tags:    
News Summary - tribal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.