അടിമാലി: മാങ്കുളം പി.എച്ച്.സിക്ക് കീഴിലെ ആരോഗ്യപ്രവർത്തകർ വലിയപാറകുട്ടി ആദിവാസി കോളനി സന്ദർശത്തിനത്തിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിലൊരു ഏറുമാടം. അതിനകത്ത് 11ഉം ഏഴും അഞ്ചും വയസ് പ്രായമുള്ള കുഞ്ഞുങ്ങൾ ഒരു പകല് മുഴുവൻ ഒറ്റക്ക്. രാവിലെ വെക്കുന്ന കഞ്ഞിമാത്രം ഭക്ഷണം. അയൽക്കാരുടെ കാരുണ്യമുള്ളപ്പോൾ എന്തെങ്കിലും കഴിക്കാൻ കിട്ടും. ചുറ്റും കാട്ടാന ശല്യമുള്ളതിനാൽ വല്ലപ്പോഴും മാത്രമാണ് പുറത്തിറങ്ങുക.
മാങ്കുളം പഞ്ചായത്തിലെ വലിയപാറകുട്ടി ആദിവാസി കോളനിയോട് ചേർന്ന് കുറത്തികുടി ആദിവാസി സങ്കേതത്തിലെ ജയ്മോന്റെ മൂന്ന് മക്കളാണിവർ. അമ്മ ഉപേക്ഷിച്ചുപോയതാണെന്നാണ് മക്കൾ പറയുന്നത്.
പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിലാണ് ജയ്മോൻ ഏറുമാടം നിർമിച്ച് താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്ന ജയ്മോൻ രാത്രി 10 മണിയോടെയാണ് തിരിച്ചെത്തുക. അതുവരെ മക്കൾ ഒറ്റക്കാണ് ഈ ഏറുമാടത്തിൽ. രാവിലെ ഉണ്ടാക്കി നൽകുന്ന കഞ്ഞി മാത്രമാണ് ഇവരുടെ ആഹാരം.
കൃത്യമായ പോഷകാഹാരമോ വിദ്യാഭ്യാസമോ സുരക്ഷിതമായ താമസ സൗകര്യമോ ഇല്ലാതെയാണ് കുഞ്ഞുങ്ങൾ കഴിയുന്നത്. കാട്ടാന ഉൾപ്പെടെ വിവിധ വന്യ മൃഗങ്ങൾ ധാരാളമുള്ള പ്രദേശത്താണ് കുഞ്ഞുങ്ങൾ ഒറ്റക്ക് കഴിയുന്നത്.
കുട്ടികൾക്ക് ഭക്ഷണം നൽകുന്ന ആരോഗ്യ പ്രവർത്തകർ
മാങ്കുളം പി.എച്ച്.സിക്ക് കീഴിലെ പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. പ്രിയാവതി എന്നിവർ വലിയ പാറക്കുട്ടിയിൽ മുൻഗണന ഭവന സന്ദർശനത്തിനിടയിലാണ് പുഴയോരത്ത് ഏറുമാടത്തിൽ മൂന്ന് കുട്ടികൾ താമസിക്കുന്നതായി കണ്ടെത്തിയത്. കുട്ടികൾക്ക് അവശ്യ ഭക്ഷണസാധനങ്ങൾ നൽകി ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കുകയും മാങ്കുളം മെഡിക്കൽ ഓഫീസർ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം നൽകുകയും ചെയ്തു. കുട്ടികളെ ചൈൽഡ് ലൈൻ ഏറ്റെടുക്കുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.