ഒറ്റപ്പാലം (പാലക്കാട്): കടലിനക്കരെ നിന്ന് മലയാളക്കരയിലേക്ക് മരുമകളായെത്തിയ ട്രീവമെറിക്ക് (61) ജന്മനാടിനേക്കാൾ പ്രണയമിപ്പോൾ കോവിഡ് കാലത്തെ കേരളത്തോടാണ്. വികസിത രാജ്യങ്ങൾ പോലും കോവിഡിന് മുന്നിൽ പകച്ചുനിൽക്കെ, കൊച്ചുകേരളം കാണിക്കുന്ന കരുതലും ശ്രദ്ധയുമാണ് തന്നെ ആകർഷിച്ചതെന്ന് യു.എസ് സ്വദേശിനിയായ ട്രീവമെറി പറയുന്നു. സ്വന്തം നാടായ അമേരിക്കയെക്കുറിച്ച് പോലും മതിപ്പില്ലെന്നും അവിടുത്തെ ഭരണകൂടം ജീവനേക്കാൾ വില കൽപിക്കുന്നത് സാമ്പത്തിക താൽപര്യങ്ങൾക്കാണെന്നുമാണ് ഇവരുടെ അഭിപ്രായം. കോങ്ങാട് ചെറായ പടാത്ത് ശേഖറിെൻറ (70) ഭാര്യയാണ് ട്രീവമെറി. ഏഴ് വർഷമായി ഒറ്റപ്പാലം പാലപ്പുറത്താണ് ഈ ദമ്പതികൾ താമസിക്കുന്നത്.
തമിഴ്നാട് പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന രാരത്ത് കേശവൻ നായരുടെ മകനാണ് ശേഖർ. ഇദ്ദേഹം ജനിച്ചതും വളർന്നതും എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതും തമിഴ്നാട്ടിലാണ്. 1976ലാണ് ശേഖർ ജോലി തേടി അമേരിക്കയിലെ നെബ്രാസ്കയിലെത്തിയത്. ജോലി ലഭിച്ച കമ്പനിയിൽ അക്കൗണ്ടൻറായിരുന്ന ട്രീവമെറിയെ 1994ൽ ഇദ്ദേഹം വിവാഹം കഴിച്ചു. അവധിക്കാലത്ത് ഇരുവരും പതിവായി കേരളത്തിലെത്തിയിരുന്നു. എട്ട് വർഷം മുമ്പ് ശേഖർ വിരമിച്ചതോടെ ട്രീവയും ജോലി രാജിവെച്ചു.
പാലപ്പുറത്ത് ഒരേക്കർ സ്ഥലം വാങ്ങി വീട് വെച്ച് താമസം തുടങ്ങി. യു.എസ് പൗരത്വമുള്ള ഇരുവരും രണ്ട് വർഷത്തിലൊരിക്കൽ മക്കളെ സന്ദർശിക്കാൻ അമേരിക്കയിൽ പോകാറുണ്ട്. അഞ്ച് മക്കളും അവിടെയാണ്.
പച്ചക്കറികൃഷിയും ഹോം സ്റ്റേ സേവനമുമൊക്കെയായി കഴിയുന്ന ദമ്പതികൾ അയൽക്കാർക്കും പ്രിയപ്പെട്ടവർ തന്നെ. കേരളത്തോളം സുരക്ഷിതമായ മറ്റൊരു നാട് ലോകത്ത് കാണാൻ കഴിയില്ലെന്ന് ദമ്പതികൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.