മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രിയെന്ന്; രേഖകൾ പുറത്ത്

കോഴിക്കോട്: വിവാദത്തിന് വഴിവെച്ച മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ മന്ത്രിയാണ്. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖകൾ വ്യക്തമാക്കുന്നു. മരംമുറി ഉത്തരവ് സംബന്ധിച്ച നടപടിക്രമങ്ങളുടെ പൂർണ വിവരങ്ങളാണ് മീഡിയവൺ പുറത്തുവിട്ടത്.

21/10/2019ൽ നിയമ വകുപ്പിന്‍റെയും അഡീഷണൽ എ.ജിയുടെയും അഭിപ്രായം തേടി മുൻ മന്ത്രി ചന്ദ്രശേഖരൻ ഫയലിൽ കുറിച്ചിരുന്നു. എന്നാൽ, 05/10/2020 നിയമ വകുപ്പിന്‍റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ റവന്യൂ മന്ത്രിയാണ്. ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു.

കട്ടമ്പുഴ വനമേഖലയിലെ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുമതി തേടിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 27/06/2019ൽ ഇതുസംബന്ധിച്ച ആദ്യ യോഗം റവന്യൂ മന്ത്രി വിളിക്കുന്നു. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് എതിരല്ലെന്നും ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നീ മരങ്ങൾ മുറിക്കാൻ സാധിക്കില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചു.

തുടർന്ന് റവന്യൂ വകുപ്പിന്‍റെ അഭിപ്രായം തേടി. 03/09/2019ൽ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും യോഗം വിളിച്ചു. വനം വകുപ്പ് മേധാവി മുൻ നിലപാട് യോഗത്തിൽ ആവർത്തിച്ചു. പട്ടയം ലഭിച്ച ശേഷം കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതിന് നിയമ വകുപ്പിന്‍റെയും അഡീഷണൽ എ.ജിയുടെയും അഭിപ്രായം തേടി ശിപാർശ സഹിതം സമർപ്പിക്കാൻ റവന്യൂ മന്ത്രി 21/10/2019ൽ ഉത്തരവിട്ടു. ഈ നിർദേശത്തിനെതിരെയും ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിട്ടുണ്ട്.

നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്ന വിഷയത്തിൽ വ്യക്തത വരുത്താൻ റവന്യൂ വകുപ്പ് 11/03/2020ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുടെ ഹരജിയിൽ ഹൈകോടതി സ്റ്റേ ചെയ്തു. നിയമ വകുപ്പിന്‍റെയും എ.എ.ജിയുടെയും അഭിപ്രായം ലഭിക്കുന്നതിന് മുമ്പ് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മരംമുറി ഉത്തരവ് പുറപ്പെടുവിക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകുകയാണ് ചെയ്തതെന്ന് രേഖകൾ വ്യക്തമാക്കുന്നു.



Tags:    
News Summary - Tree Cutting order was issued by the former Revenue Minister; The documents are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.