സൂചി വയറ്റിൽ കുടുങ്ങിയതിന്റെ എക്സ്റേയുമായി വത്സല
പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിൽ കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായി പരാതി. ഒരുവർഷം മുമ്പ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സതേടി ആശുപത്രിയിലെത്തിയ ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സലക്കാണ് (62) ദുരനുഭവം. കുത്തിവെപ്പിനിടെ സൂചിയുടെ ഒരുഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സ പിഴവുണ്ടായെന്നും വത്സല ആരോപിക്കുന്നു. കുത്തിവെച്ച ഇടുപ്പ് ഭാഗത്ത് പിന്നീട് തടിപ്പുണ്ടായിരുന്നു. അന്നുമുതൽ വേദന അനുഭവിക്കുകയാണ്. അസഹ്യമായ വേദനയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ ചെന്നപ്പോൾ നടത്തിയ എക്സ്റേ പരിശോധയിലാണ് സൂചി കണ്ടെത്തിയത്.
ശരീരത്തിനുള്ളിൽ കുടുങ്ങിയ സൂചിയുടെ ഭാഗം നീക്കാൻ വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും പൂർണമായി നീക്കം ചെയ്യാനായില്ല. പകുതിഭാഗമാണ് പുറത്തെടുത്തത്. ഇനി വേദന വരുമ്പോൾ ബാക്കി എടുക്കാമെന്ന് ഡോക്ടർമാർ പറഞ്ഞതായി വത്സല അറിയിച്ചു. ഇതിനിടെ, തയ്യൽ സൂചിയാണന്ന് വരുത്തിത്തീർക്കാൻ ഡോക്ടർമാർ ശ്രമിച്ചതായി വത്സല ആരോപിച്ചു. കാഴ്ചക്ക് തകരാറുള്ളതിനാൽ തയ്യൽ സൂചി ഉപയോഗിക്കാറില്ലെന്നും അവർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേരിട്ട് ഇടപെടുമെന്നും അബിൻ വർക്കി എം.എൽ.എ അറിയിച്ചു.
അതേസമയം, സംഭവത്തിൽ കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകി. ശരീരത്തിൽനിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണെന്നും എന്നാൽ, ഇത് കുടുങ്ങിയത് കോഴഞ്ചേരി ജില്ല ആശുപത്രിയിൽനിന്നു തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചെന്നും സൂപ്രണ്ട് അറിയച്ചു.
പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യ മന്ത്രി. ഡി.എം.ഒ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ ആരോഗ്യ മന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് കത്ത് നൽകിയതിനെ തുടർന്നാണ് ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.