തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദൗർഭാഗ്യകരമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കർശന നിർദ്ദേശങ്ങൾ അവഗണിച്ച് കരാറുകാർ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി കെ. അനിൽകുമാറിനെയും ടി. സിദ്ദിഖിനെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിർമാണ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ല കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ജൂൺ 20ന് തന്നെ ഉത്തരവിട്ടിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും കരാറുകാർക്ക് ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർ നിർദ്ദേശം കരാറുകാർ പൂർണമായും അവഗണിച്ചു.
വിടുത്തെ മണ്ണിന്റെ ഘടന അതീവ അപകടകരമാണെന്നും ചെളി കലർന്ന മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്നത് വലിയ ഭീഷണി ഉയർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ഥലത്ത് നിലവിൽ ആവശ്യമായ എക്സ്കവേറ്ററുകൾ (ഹിറ്റാച്ചി) ലഭ്യമാണ്. പൊലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും അടങ്ങുന്ന പരിശീലനം ലഭിച്ച സംഘം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങളും കോഴിക്കോട് നിന്നുള്ള സംഘവും ഉടൻ സ്ഥലത്തെത്തും.
രക്ഷാപ്രവർത്തനത്തിനാണ് നിലവിൽ മുൻഗണന നൽകുന്നത്. സംഭവത്തിൽ ഏഴ് തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹൈവേ നിർമാണത്തിലും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതി സർക്കാറിനുണ്ട്. മൺസൂണിന് മുൻപ് തന്നെ എല്ലാ ജില്ലാ കലക്ടർമാരോടും നിർമാണ മേഖലകളിൽ പരിശോധന നടത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.