തിരുവനന്തപുരം: ഓണച്ചെലവുകൾ മുന്നിൽ കണ്ട് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ട്രഷറികളിലെ ബിൽ മാറ്റത്തിനുള്ള നിലവിലെ 25 ലക്ഷമെന്ന പരിധി 10 ലക്ഷമായി കുറച്ചു. ശമ്പളം, പെൻഷൻ, മരുന്ന് വാങ്ങൽ തുടങ്ങി ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാക്കി. ഓണത്തിന് 19,000 കോടിയാണ് ധനവകുപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്.
പല ഘട്ടങ്ങളിൽ വെട്ടിക്കുറച്ചതും എന്നാൽ അർഹതപ്പെട്ടതുമായ 11,180 കോടിയുടെ കടമെടുപ്പിന് അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണങ്ങളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റ് ചെലവുകൾ നിയന്ത്രിച്ച് ഓണച്ചെലവുകൾക്ക് വക കണ്ടെത്താനുള്ള ധനവകുപ്പ് നീക്കം. അഞ്ച് ലക്ഷമായിരുന്ന ട്രഷറി ബിൽ മാറ്റ പരിധി പരിധി 2024 ജൂൺ 26 നാണ് 25 ലക്ഷമാക്കി ഉയർത്തിയത്.
കഴിഞ്ഞ ഒരു വർഷം കാര്യമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ഓണത്തിന് ഒരു മാസത്തെ കുടിശ്ശികയടക്കം രണ്ട് ഗഡു ക്ഷേമ പെൻഷൻ നൽകണം. 60 ലക്ഷത്തിലധികം പേർക്ക് 3,200 രൂപ വീതം പെൻഷൻ നൽകാൻ 1,900 കോടിയാണ് വേണ്ടത്. സർക്കാർ ജീവനക്കാർക്കുള്ള ഉത്സവബത്ത, ബോണസ് എന്നിവയും ചെലവുകളാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും വിവിധ ആനുകൂല്യങ്ങൾ നൽകാൻ 700 കോടി വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.