'നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കി വഞ്ചിക്കാനാണോ ഇയാളെ ജനം വോട്ട് ചെയ്ത് ജയിപ്പിച്ചത്?' ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: പീഡനപരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അതിരൂക്ഷമായി വിമർശിച്ച് ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മി. നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കി സാമ്പത്തികമായി മുതലെടുത്ത് വഞ്ചിക്കാനാണോ ജനം രാഹുലിനെ വോട്ടുചെയ്ത് വിജയിപ്പിച്ചത് എന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. വോട്ടുചെയ്ത ജനത്തെക്കൂടിയാണ് രാഹുൽ വഞ്ചിച്ചത്. സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്? അഴിമതി ആരോപണത്തേക്കാൾ ഗുരുതരമാണിതെന്നും ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകുമെന്നും അവർ പരിഹസിച്ചു.

'അഞ്ചുവർഷം എംഎൽഎയായിരുന്നിട്ട് എന്തുചെയ്തുവെന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തുവെന്നേ ഞാൻ പറയൂ. വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ? ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർഥം? സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്. അഴിമതി ആരോപണത്തെക്കാൾ ഗുരുതരമായ കുറ്റമാണിത്', അവർ പറഞ്ഞു.

'ഞാനാലോചിക്കുകയാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്‌നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം?', ഭാഗ്യലക്ഷ്മി ചോദിച്ചു.

അതേസമയം, ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയുമായി ടെലഗ്രാമിൽ നടത്തിയ ചാറ്റ് പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും. നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. എന്നെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്ന ചാറ്റാണ് പൊലീസിന് ലഭിച്ചത്.

നീ എന്ത് ചെയ്താലും അതിന്റെ ബാക്കി താൻ ചെയ്യുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. 'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്‌തോളാം', എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രാഹുൽ പറയുന്നു.

നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പർ കിട്ടിയതെന്ന് 31കാരിയായ അതിജീവിത തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗമായ സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയക്ക്‌ യുവതി നൽകിയ മൊഴിയിൽ പറയുന്നു.

വിവാഹിതയാണെന്ന് രാഹുലിനോട് വ്യക്തമാക്കിയിരുന്നു. ഭർത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തതിന്‍റെ കാരണം ചോദിച്ചപ്പോൾ ദാമ്പത്യത്തിലെ ചില പ്രശ്നങ്ങൾ പറഞ്ഞു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിർബന്ധിച്ചു. തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും ‌പക്ഷേ, തിരക്കുകാരണം അവർക്കുവേണ്ടി സമയംചെലവഴിക്കാൻ സമയംകിട്ടില്ലെന്നും അവർക്ക് നല്ലൊരു അമ്മയെവേണമെന്നും രാഹുൽ പറഞ്ഞതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. ഇന്ന് തന്നെ ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

രണ്ട്‌ പീഡനപരാതികളിൽ അറസ്റ്റിൽനിന്ന് ഒഴിവായി പൊതുരംഗത്തുനിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പുതിയ പീഡനപരാതിയിലാണ് പോലീസ് വളഞ്ഞിട്ടുപിടിച്ചത്. കോട്ടയം സ്വദേശിനിയും കാനഡയിൽ ജോലിചെയ്യുന്ന 31-കാരിയുമായ വിവാഹിത, ഓൺലൈനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്ത് മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Filmmaker Bhagyalakshmi sharply criticizes MLA Rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.