തിരുവന്തപുരം: പ്രവാസി യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെൻകുമാർ. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം എങ്ങിനെ ആണ് ക്രിമിനൽ നടപടി ആവുക എന്നതടക്കം 10 ചോദ്യങ്ങൾ സെൻകുമാർ പൊലീസിനോട് ഉന്നയിച്ചു.
ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ? വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക? എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക? എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക? എന്നും സെൻകുമാർ ചോദിച്ചു. ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകുമെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും
ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്.
പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?
ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ?
അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ?
റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ?
അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ?
ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?
പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?
എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക?
എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക?
എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക?
ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.
തിരുവനന്തപുരം: സംഘടനപരമായും രാഷ്ട്രീയമായും നേരത്തെ തന്നെ ‘കൈകഴുകിയതിനാൽ’ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പരിക്കേൽപ്പിക്കില്ലെന്ന വിലയിരുത്തലിലും ആശ്വാസത്തിലും കോൺഗ്രസ്. ആദ്യ ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കുകയും പിന്നാലെ സംഘടനയിൽനിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. സംഘടന എന്ന നിലയിൽ ഇത്തരത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് മാത്രമല്ല അതുപയോഗിച്ച് എതിരാളികളെ വെല്ലുവിളിക്കാനും സാധിച്ചു.
ഈ സാഹചര്യത്തിൽ പുതിയ ആരോപണമുണ്ടാകുന്നതും ജയലിലാകുന്നതെന്നും പാർട്ടി എന്ന നിലയിൽ ഒരു ബാധ്യതയുമുണ്ടാക്കില്ലെന്നതാണ് നേതാക്കളുടെ വിലയിരുത്തൽ. എം.എൽ.എ പദവിയെന്നത് വ്യക്തി തീരുമാനിക്കേണ്ട കാര്യമാണെന്ന മുൻ നിലപാടിലും നേതാക്കൾ ഉറച്ചുനിൽക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുന്ന കാലത്താണ് രാഹുലിനെതിരെയുള്ള രണ്ടാം പീഡന വിവാദം കത്തിപ്പടരുന്നതും പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും. എന്നാൽ ‘രാഹുൽ വിഷയം’ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് ജനവിധി തെളിയിച്ചു. ഫലത്തിൽ ധാർമ്മികമായും സംഘടനപരമായും തങ്ങളുടെ ഭാഗം ‘ക്രിസ്റ്റൽ ക്ലിയർ’ ആണെന്ന് ആത്മവിശ്വാസത്തോടെ അടിവരയിടുകയാണ് നേതൃത്വം.
സാധാരണഗതിയിൽ ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ നേതാക്കളെ സംരക്ഷിക്കുന്ന രീതിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കാറുള്ളത്. തുടക്കത്തിൽ കോൺഗ്രസിനുള്ളിലും സമ്മിശ്രവികാരമുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ സമ്മർദ്ദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ തണൽ രാഹുലിനുണ്ടായിരുന്നു .
പ്രതിപക്ഷ നേതാവിന്‍റെയും രമേശ് ചെന്നിത്തലയുടെയുമടക്കം വിയോജിപ്പുകൾ മറികടന്ന് നിയമസഭയിലെത്തിയതിലടക്കം ഈ പിന്തുണ പ്രകടവുമായിരുന്നു. ഇത് രാഹുലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമെന്ന രണ്ട് വിഭാഗത്തെ തന്നെ കോൺഗ്രസിനുള്ളിൽ സൃഷ്ടിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ നിലപാടായിരുന്ന ശരി എന്നതിലേക്ക് അധികം വൈകാതെ പാർട്ടി എത്തി. പിന്നാലെ പരോക്ഷ പരിരക്ഷകൾ പിൻവലിച്ചുവെന്ന് മാത്രമല്ല നിലപാടും കർശനമാക്കി. ഇതാകട്ടെ ഇപ്പോൾ തുണയുമായി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കൈപൊള്ളിക്കുന്നില്ലെന്ന് മാത്രമല്ല, ആരോപണവിധേയരായവരെ സംരക്ഷിക്കില്ലെന്ന കർശന നിലപാട് ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രതിഛായ നിർമിതിക്ക് കൂടിയാണ് നീക്കം. മറുഭാഗത്ത് രാഹുലിനെ മുൻനിർത്തി സി.പി.എം കോൺഗ്രസിനെ കടന്നാക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീപീഡന ആരോപണങ്ങൾ നേരിട്ട എം.എൽ.എ അടക്കമുള്ളവരുടെ കാര്യത്തിലെ സി.പി.എം നിലപാട് ചർച്ചയാക്കാനുമാണ് കോൺഗ്രസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.