ദീപാവലി ദിനത്തിൽ കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി കാണാനെത്തിയവരുടെ തിരക്ക്(ചിത്രം: ടെൻസിങ് പോൾ)
തൊടുപുഴ: ഹൈറേഞ്ചിലെ പാതകൾക്ക് ഇപ്പോൾ ഒരേഒരു ലക്ഷ്യസ്ഥാനം മാത്രം; ശാന്തൻപാറയിലെ കള്ളിപ്പാറ. 12 വർഷത്തിനുശേഷം കുറിഞ്ഞി പൂത്തിറങ്ങിയ മലനിരകൾ തേടി ആയിരക്കണക്കിന് ആഭ്യന്തര, വിദേശ സഞ്ചാരികൾ ഓരോ ദിവസവും പ്രവഹിക്കുകയാണ്. കഴിഞ്ഞ മൂന്നുദിവസം കുറിഞ്ഞി വസന്തം കണ്ട് മലയിറങ്ങിയവർ അരലക്ഷത്തോളം വരും.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ടിക്കറ്റെടുത്ത് കുറിഞ്ഞി കണ്ടവർ മാത്രം 45,000ലധികമാണ്. ശനിയാഴ്ച ഏഴായിരത്തിലധികവും ഞായറാഴ്ച 18,000ലധികവും തിങ്കളാഴ്ച 17,000ലധികവും ആളുകൾ കുറിഞ്ഞി കാണാൻ കള്ളിപ്പാറയിലെത്തിയതായാണ് ശാന്തൻപാറ പഞ്ചായത്തിന്റെ കണക്ക്. കള്ളിപ്പാറ മലനിരകളുടെ പിൻഭാഗത്തെ പാറക്കെട്ടുകൾ വഴി എത്തുന്നവരും ധാരാളം. ഈ മാസം ഏഴിനും 23നും ഇടയിൽ ഏകദേശം ഒന്നേകാൽ ലക്ഷം പേർ കുറിഞ്ഞി കണ്ട് മടങ്ങിയതായി കണക്കാക്കുന്നു. തുടർച്ചയായി മൂന്ന് അവധി ദിവസങ്ങൾ എത്തിയത് സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർധന സൃഷ്ടിച്ചു.
സന്ദർശകർ കൂടിയതോടെ ഗതാഗത നിയന്ത്രണം, പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം തുടങ്ങിയ ക്രമീകരണങ്ങളും ആംബുലൻസ്, ഇ-ടോയ്ലറ്റ് സൗകര്യവും അധികൃതർ ഏർപ്പെടുത്തി. വിവിധ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെത്തിയ സന്ദർശകർ പാർക്കിങ് സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടി. കാലാവസ്ഥ അനുകൂലമായാൽ നീലക്കുറിഞ്ഞിയുടെ കാഴ്ചകളും സന്ദർശകരുടെ ഒഴുക്കും ഈ മാസം അവസാനം വരെ തുടരുമെന്നാണ് കണക്കുകൂട്ടൽ. നീലക്കുറിഞ്ഞി ഒരുക്കിയ ദൃശ്യവിരുന്ന് രണ്ടു വർഷത്തിനുശേഷം ജില്ലയുടെ വിനോദസഞ്ചാര മേഖലക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും പുത്തൻ ഉണർവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.