പാലക്കാട്: തായ്‌ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടിയ കേസിൽ ട്രാവൽ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ കോട്ടായി പുളിനെല്ലി ഭാഗത്ത് പുളിയൻകാട് വീട്ടിൽ അഖിൽ എന്ന ബ്രിജേഷ് പി.കെ (42) എന്നയാളാണ് അറസ്റ്റിലായത്. കുമരകം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ സ്വദേശിയായ യുവാവും സംഘവും കഴിഞ്ഞ മാസം തായ്‌ലൻഡിലേക്ക് ടൂർ പോകുന്നതിനായി ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവൽ ഏജൻസിയായ “ട്രാവൽ കെയർ” ഏജൻസിയെ സമീപിച്ചിരുന്നു. തായ്‌ലൻഡിൽ ടൂർ പാക്കേജ് നൽകാമെന്നും ഇതിനായി 2,51,400 രൂപ അടയ്ക്കണമെന്നും ബ്രിജേഷ് പറയുകയും ഇവർ പണം അടയ്ക്കുകയുമായിരുന്നു. നെടുമ്പാശേരിയിൽ നിന്ന് തായ്‌ലൻഡിൽ എത്തിയ സംഘത്തിന് വാഗ്ദാനം ചെയ്ത ടൂർ പാക്കേജിൽ പറഞ്ഞിരുന്ന പ്രോഗ്രാമുകൾ ഒന്നും ലഭിച്ചില്ല.
തുടർന്ന് ഇവർ അവിടുത്തെ ഏജൻസിയെ സമീപിച്ചപ്പോൾ ബ്രിജേഷ് അവിടെ പണം അടച്ചിട്ടില്ല എന്ന് മനസ്സിലായി. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് ഇയാളുടെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് യാത്രാ സംഘം അവിടുത്തെ ഏജൻസിയിൽ പണമടച്ചാണ് നാട്ടിലെത്തിയത്.
ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ മാരാരിക്കുളത്തുനിന്നും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫ്, സി.പി.ഒമാരായ ഷൈജു കുരുവിള, അഭിലാഷ്, രാജു, ഹരിലാൽ, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.