‘ഇന്ത്യയുടെ വീണ്ടെടുപ്പിന്’ എന്ന തലക്കെട്ടിൽ ഫ്രീഡം കലക്ടീവ് ആലുവയിൽ സംഘടിപ്പിച്ച പൗരാവകാശ സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ
സംസാരിക്കുന്നു
ആലുവ: കേന്ദ്ര സർക്കാർ തുടരുന്ന ഫാഷിസ്റ്റ് അധികാര ക്രമത്തെ ചെറുക്കാൻ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ചുള്ള ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ആലുവ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച പൗരാവകാശ സംഗമം ആവശ്യപ്പെട്ടു. ‘ഇന്ത്യയുടെ വീണ്ടെടുപ്പിന്’ എന്ന തലക്കെട്ടിൽ ഫ്രീഡം കലക്ടീവ് സംഘടിപ്പിച്ച പരിപാടിയിൽ ജനപക്ഷ രാഷ്ട്രീയത്തിന്റെയും ജനകീയ സമരങ്ങളുടെയും ഭാഗമായ നിരവധി മനുഷ്യാവകാശ പോരാട്ട സംഘടന നേതാക്കൾ പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഭരണകൂട സാമഗ്രികളുപയോഗിച്ച് കേന്ദ്ര സർക്കാർ തുടരുന്ന വംശീയ വേട്ടകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ യോജിച്ച മുന്നേറ്റമുണ്ടാകണമെന്ന ആവശ്യം സംഗമത്തിൽ ഉയർന്നു. കേരളത്തിൽ ശക്തിപ്പെടുന്ന വർഗീയ വിഭജനത്തിനും ഇസ്ലാം ഭീതിക്കുമെതിരെ സംസ്ഥാന സർക്കാറും മതേതര സമൂഹവും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന ആശങ്കയും പരിപാടിയിൽ സംസാരിച്ചവർ പങ്കുവെച്ചു.
ഫ്രീഡം കലക്ടീവ് ചെയർമാൻ പ്രഫ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഫാദർ പോൾ തേലക്കാട്, പ്രഫ. പി.കെ. ശങ്കരൻ, സണ്ണി എം. കപിക്കാട്, പി. സുരേന്ദ്രൻ, എൻ. മാധവൻകുട്ടി, ജിന്റോ ജോൺ, സുദേഷ് എം. രഘു, ഫാ. അജി പുതിയപറമ്പിൽ, കടക്കൽ ജുനൈദ്, സി.ആർ. നീലകണ്oൻ, കെ.എസ്. ഹരിഹരൻ, പ്രേം ബാബു, ജോൺ പെരുവന്താനം, അംബിക മറുവാക്ക്, ബാബുരാജ് ഭഗവതി, കെ. സന്തോഷ് കുമാർ, അഡ്വ. കബീർ ഹുസൈൻ, ഇല്യാസ് മംഗലത്ത്, പി.എം. മാഹീൻ എന്നിവർ സംസാരിച്ചു.
ഫ്രീഡം കലക്ടീവ് സെക്രട്ടറി സമദ് കുന്നക്കാവ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷിഹാബ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. കോഓഡിനേറ്റർമാരായ ഷക്കീൽ മുഹമ്മദ്, എം.എ. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.