മന്ത്രി മാറുന്നതിന്​​ തൊട്ടുമുമ്പ്​ സ്ഥലംമാറ്റം; റദ്ദാക്കി പുതിയ മന്ത്രി

തിരുവനന്തപുരം: പുതിയ ഗതാഗത മന്ത്രി സ്ഥാനമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മോട്ടോര്‍ വാഹന വകുപ്പില്‍ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ്‌ മരവിപ്പിച്ചു. 57 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റവും, 18 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥാനക്കയറ്റവും നിയമനവുമാണ് റദ്ദാക്കിയത്. ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്ത് ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇടപെട്ടാണ് റദ്ദാക്കിയതെന്നാണ്​ വിവരം. സ്ഥലംമാറ്റം നടപ്പാക്കേണ്ടതില്ലെന്ന് കാട്ടി അസി. ഗതാഗത കമീഷണര്‍ ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ്ആപ് വഴി സന്ദേശം നല്‍കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട്​ നാലിനാണ്​ ഗണേഷ്​കുമാർ ഗതാഗത-മോട്ടോർ വാഹന വകുപ്പുകളുടെ ചുമതലയിലേക്ക് സത്യപ്രതിജ്ഞചെയ്ത്​ സ്ഥാനമേറ്റത്​. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്ഥലംമാറ്റ ഉത്തരവ്​ പുറത്തിറങ്ങിയത്​. ഡിസംബർ 24 നാണ്​ ആന്‍റണി രാജു മന്ത്രിസ്ഥാനം രാജിവെച്ചത്​. പുതിയ മന്ത്രിയെത്തുന്നതുവരെയുള്ള അഞ്ച്​ ദിവസക്കാലം ഉദ്യോഗസ്​ഥ ഭരണത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പ്​​. ഇക്കാലയളവിൽ ഉദ്യോഗസ്ഥരാണ്​ സ്ഥലംമാറ്റ പട്ടിക തയാറാക്കിയതെന്നാണ്​ വിവരം. എന്നാൽ മന്ത്രി രാജിവെക്കുന്നതിന് മുമ്പേ തയാറാക്കിയ പട്ടികയാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കി ഉത്തരവിറക്കിയതെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യം ആന്‍റണി രാജു നിഷേധിക്കുന്നു.

മോട്ടോര്‍ വാഹനവകുപ്പിലെ സ്ഥലംമാറ്റ പട്ടിക നാലുമാസത്തിനിടെ രണ്ടാംതവണയാണ് മരവിപ്പിക്കുന്നത്. പിഴ ചുമത്തുന്നതിലെ മികവ്​ അടിസ്ഥാനമാക്കി കഴിഞ്ഞ സെപ്റ്റംബറില്‍ 205 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റിയത് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. പൊതുഭരണ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ആറാഴ്ചക്കുള്ളില്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വഴി പുതിയ ഉത്തരവ് ഇറക്കുകയോ, 2024ലെ പൊതു സ്ഥലംമാറ്റത്തിന്റെ സമയത്ത് നടപ്പാക്കുകയോ ചെയ്യാനായിരുന്നു വിധി. ഇതേതുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടക്കാതെ സര്‍ക്കാര്‍ പിന്‍വാങ്ങി.

Tags:    
News Summary - Transfer just before change of minister; Canceled by new minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.