തിരുവനന്തപുരം: സ്ഥലംമാറ്റ പട്ടികയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയിൽ വിവാദം. ഭരണപക്ഷ യൂനിയനുകളടക്കം പ്രതിഷേധം ശക്തമാക്കിയതോടെ മാനേജ്മെന്റ് പ്രതിരോധത്തിലായി. ഇടതുസർക്കാറിന്റെ പൊതുസ്ഥലംമാറ്റനയം ഉദ്യോഗസ്ഥലോബി അട്ടിമറിക്കുന്നെന്ന ആക്ഷേപവുമായി അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് രംഗത്തെത്തി. മാനേജിങ് ഡയറക്ടറുടെ ഓഫിസിനു മുന്നിൽ ചൊവ്വാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഭൂരിഭാഗം സർക്കാർ വകുപ്പുകളിലും ജൂൺ ഒന്നിന് മുമ്പേ ജീവനക്കാർക്ക് പുതിയ ജോലിസ്ഥലത്ത് ചുമതലയേൽക്കാൻ കഴിയുംവിധം പൊതുസ്ഥലമാറ്റ ഉത്തരവുകൾ പുറത്തിറങ്ങിയിരുന്നു. എന്നാൽ, ജല അതോറിറ്റിയിൽ സ്ഥലംമാറ്റത്തിലെ സുതാര്യത തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. 2025ലെ പൊതുസ്ഥലംമാറ്റത്തിനുള്ള ഷെഡ്യൂൾ വൈകിയെങ്കിലും ചില തസ്തികകളിൽ പരാതിക്കിടനൽകാതെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിനിടെ, പൊതുസ്ഥലംമാറ്റം കൈകാര്യം ചെയ്യേണ്ട കേന്ദ്രകാര്യാലയത്തിലെ മാനവവിഭവശേഷി ചീഫ് എൻജിനീയറെ സ്ഥലംമാറ്റി.
എം.ഡി നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി പുറത്തിറക്കിയ കരട് പട്ടികകളിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജലവിഭവ വകുപ്പ് പുറത്തിറക്കിയ സൂപ്രണ്ടിങ് എൻജിനീയർമാരുടെ സ്ഥലംമാറ്റ ഉത്തരവിലും ഒരു മാനദണ്ഡവും പാലിക്കപ്പെട്ടില്ലെന്നാണ് പരാതി. ഇതിനകം പുറത്തിറങ്ങിയ വിവിധ തസ്തികകളിലെ കരട് സ്ഥലംമാറ്റ പട്ടികയിൽ വലിയ ക്രമക്കേടുകളും ആശാസ്യമല്ലാത്ത ഇടപെടലുകളും നടന്നിട്ടുണ്ടെന്നാണ് ആരോപണം. സ്ഥാപനം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകവെ, ജീവനക്കാരെ കൂടുതൽ വലക്കുന്നതാണ് മാനേജ്മെന്റ് സമീപനമെന്ന വിമർശനവും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.