എടക്കാട്: റെയിൽവേ ഗേറ്റ് തുറന്നുകിടക്കവെ മുന്നറിയിപ്പുകളില്ലാതെ എൻജിൻ കുതിച്ചെത്തി. നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ് പാളം കടന്നതിനു തൊട്ടുപിറകെയാണ് എൻജിൻ വന്നത്. അപകടസമാനമായ നിമിഷങ്ങൾ കണ്ട പ്രദേശവാസികൾ പരിഭ്രാന്തരായി.
ചൊവ്വാഴ്ച രാവിലെ 11.30ഒാടെ കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റിലാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് അതിവേഗതയിലെത്തിയ ട്രെയിനിെൻറ എൻജിൻ ഗേറ്റ് തുറന്നുകിടക്കെ തന്നെ കടന്നുപോവുകയായിരുന്നു.
ഇതേസമയം തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ഗേറ്റിലെ രണ്ടാമത്തെ പാളം കടന്നതേയുണ്ടായിരുന്നുള്ളൂ. തലനാരിഴ വ്യത്യാസത്തിനാണ് ദുരന്തം ഒഴിവായത്.11.30 കഴിഞ്ഞ് കോയമ്പത്തൂരിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന ഇൻറർസിറ്റി കടന്നുപോയ ഉടനെ ഗേറ്റ് തുറന്നിരുന്നു. ഗേറ്റിനിരുവശത്തുമുള്ള വാഹനങ്ങൾ കടന്നുപോവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് എൻജിനെത്തിയത്.
എൻജിൻ കടന്നുപോയ വിവരം നടാൽ റെയിൽവേ ഗേറ്റിൽ ജോലിചെയ്തുകൊണ്ടിരുന്ന ജീവനക്കാരൻ എടക്കാട് റെയിൽവേ സ്റ്റേഷനിൽ കൈമാറി. ഇതേതുടർന്ന് എൻജിൻ എടക്കാട് സ്േറ്റഷനിൽ പിടിച്ചിടുകയായിരുന്നു. പിന്നീട് സംഭവം റിപ്പോർട്ട് ചെയ്തശേഷം മാത്രമാണ് എൻജിൻ എടക്കാടുനിന്ന് വിട്ടത്. സിഗ്നൽ തെറ്റിച്ചാണ് കണ്ണൂരിൽനിന്ന് വന്ന എൻജിൻ കടന്നുപോയതെന്ന് എടക്കാട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സുധാകരൻ പറഞ്ഞു. സംഭവം ലോക്കോപൈലറ്റ് കാട്ടിയ കൃത്യവിലോപമാണെന്നും ഇതേക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.