കോഴിക്കോട് എരഞ്ഞിപാലത്ത് കാൽനടയാത്രക്കാരനെ രക്ഷിക്കുന്ന പൊലീസുകാരൻ. ഇൻസെറ്റിൽ ട്രാഫിക് പൊലീസ് ഓഫീസർ കെ.പി ബിനിൽ രാജ്
കോഴിക്കോട്: അതിവേഗത്തിലെത്തിയ ബസിനടിയിൽ കുരുങ്ങുമായിരുന്ന കാൽനടയാത്രക്കാരനെ ജീവിതത്തിലേക്ക് റാഞ്ചിയെടുത്ത് പൊലീസുകാരന്റെ സമയോചിത രക്ഷാപ്രവർത്തനം.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ നഗരത്തിരക്കിനിടയിൽ നിന്നാണ് അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന മധ്യവയസ്കനെ ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഓടിയെത്തി രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. എരഞ്ഞിപ്പാലം ജംങ്ഷനിൽ വയനാട് ഭാഗത്തു നിന്നുമെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഫ്രീലെഫ്റ്റ് എടുത്ത് നഗരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ്, വളവിനോട് ചേർന്നുള്ള സീബ്രാ ലൈനിലൂടെ കാൽനട യാത്രക്കാരൻ റോഡ് മുറിച്ചു കടക്കാൻ ഒരുങ്ങിയത്. എതിർ ദിശയിലേക്ക് നോക്കി റോഡ് കടക്കുമ്പോഴേക്കും ബസ് കടന്നെത്തി.
തൊട്ടരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു ട്രാഫിക് പൊലീസുകാരൻ കെ.പി ബിനിൽരാജ് നിമിഷവേഗത്തിൽ അപകട സാധ്യത തിരിച്ചറിഞ്ഞു. വിളിച്ചുപറഞ്ഞാൽ സമയമെടുക്കുമെന്നതിനാൽ, യാത്രക്കാരന്റെ പിറകിലേക്ക് മാലാഖയെ പോലെ അദ്ദേഹം കുതിച്ചെത്തുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ, യാത്രക്കാരനെ ഇരു കൈകളിലുമായി പിടിച്ച്, പിറകിലേക്ക് വലിച്ചു. നിമിഷ നേരത്തിൽ എല്ലാം സംഭവിച്ചിരുന്നു. അപ്പോഴേക്കും ബസിന്റെ പകുതിയോളം ഭാഗം പിന്നിട്ടു. ൈബ്ലൻഡ് സ്പോട്ടിലായിരുന്നതിനാൽ ബസ് ഡ്രൈവർ ഇതൊന്നുമറിഞ്ഞില്ല.
കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസറാണ് നടുവണ്ണൂർ കാവുന്തറ സ്വദേശി സൗപർണികയിൽ കെ.പി ബിനിൽ രാജ്. സിറ്റി ട്രാഫിക് എസ്.ഐ എം. ഷാജിക്കൊപ്പം എരഞ്ഞിപ്പാലത്തെ ഡ്യുട്ടിയിലിരിക്കെയായിരുന്നു ഒരു ജീവൻ രക്ഷിക്കാനുള്ള നിയോഗമെത്തിയത്.
കാൽനടയാത്രക്കാരൻ ആരാണെന്നോ, എവിടേക്ക് പോകുന്നുവെന്നോ തനിക്ക് അറിയില്ലെന്ന് ബിനിൽ രാജ് പിന്നീട് പറഞ്ഞു. വലിയ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ പരിഭ്രാന്തിയിലായിരുന്നു അയാൾ. പിന്നീട്, തിരക്കിനിടയിൽ മറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
‘അപകടം മുന്നിൽ കാണവെ, ആലോചിക്കാനുള്ള സമയമില്ലായിരുന്നു. പെട്ടെന്ന് ഓടിയെത്തി കാൽനട യാത്രക്കാരനെ പിറകിലേക്ക് വലിച്ചു. ആരോഗ്യമുള്ള ആളായിരുന്നു. പെട്ടെന്ന് പിടിച്ച് വലിക്കാൻ കഴിയുമോ എന്നും ഉറപ്പില്ലായിരുന്നു. എന്നാൽ, എല്ലാം ഞൊടിയിടയിൽ സംഭവിച്ചു’ -ബിനിൽ രാജ് പറഞ്ഞു.
സംഭവസമയത്ത് അതുവഴി പോയ സഹകരണ ആശുപത്രി ചെയർമാന്റെ കാറിലെ ഡാഷ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തായപ്പോഴാണ് ബിനിൽരാജിന്റെ രക്ഷാ ദൗത്യം നാടറിഞ്ഞത്. കാൽനടയാത്രക്കാരനെ രക്ഷിച്ച പൊലീസുകാരനെ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും വിളിച്ച് അഭിനന്ദിച്ചു. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ എഫ്.ബി പേജിലും വീഡിയോ ദൃശ്യം പങ്കുവെച്ചു. നിരവധി പേരാണ് ബിനിൽ രാജിന്റെ സമയോചിത ഇടപെടലിനെ പ്രശംസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.