ചുരത്തിലെ ഗതാഗതക്കുരുക്ക്: എം.എൽ.എമാരുടെ സമരം പ്രഹസനം, മന്ത്രിയുടെ നിസ്സംഗത അപലപനീയം; വയനാട് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: വയനാട്ടിലേക്കുള്ള ചുരങ്ങളിൽ പതിവായിരിക്കുന്ന അസഹനീയമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പ്രാവർത്തികമായ നിർദേശങ്ങൾ ഉന്നയിക്കുകയോ കുരുക്കിന് കാരണമായ യഥാർഥ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുകയോ ചെയ്യാതെ രണ്ട് എം.എൽ.എമാർ നടത്തിയ സമരം പ്രഹസനവും തൽപ്പര കക്ഷികളുടെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ജില്ലയിലേക്കുള്ള പാതകളിൽ അനിയന്ത്രിതമായി വാഹനങ്ങൾ പെരുകി വയനാട്ടുകാരുടെ ജീവിതം ദുസ്സഹമാകുമ്പോഴും ജില്ലയിൽ വേരൂന്നിയ ക്വാറി-റിസോർട്ട് മാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് രാഷ്ട്രീയക്കാർ മത്സരിക്കുന്നത്. വയനാട്ടിൽ നിന്നുള്ള മന്ത്രിയായ ഒ.ആർ. കേളു ഈ വിഷയത്തിൽ പുലർത്തുന്ന നിസ്സംഗതയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സമിതി ചൂണ്ടിക്കാട്ടി.

ചുരത്തിലെ ഗതാഗതക്കുരുക്ക് ഒന്നോ രണ്ടോ വർഷം കൊണ്ടുണ്ടായ യാദൃശ്ചിക ദുരിതമല്ല. മുണ്ടക്കൈ ദുരന്തവും നിരവധി ഉരുൾപൊട്ടലുകളും ക്ഷണിച്ചു വരുത്തിയതാണ്. ചുരുങ്ങിയത് 10 വർഷം മുമ്പ് ചെറിയ തോതിൽ ആരംഭിച്ച് മൂർച്ഛിച്ച് ഇന്ന് സ്ഫോടകാവസ്ഥയിൽ എത്തി നിൽക്കുന്ന വയനാടിന്റെ ജീവൽപ്രശ്നമാണിത്. ഇതിന് വയനാട്ടിലെ ജനപ്രതിനിധികളും ഭരണാധികരികളും തുല്യ ഉത്തരവാദികളാണ്. ഗുരുതരമായ ഈ സാഹചര്യത്തിലും നിസ്സംഗതയോടെയും ദുഷ്ട ലാക്കോടെയുമാണ് പ്രശ്‌നത്തെ അഭിമുഖികരിക്കുന്നത്. 2500കോടി മുടക്കി തുരങ്കമുണ്ടാക്കി കാൽനൂറ്റാണ്ടിനു ശേഷം ഗതാഗതക്കുരുക്ക് അഴിക്കാൻ നടക്കുന്നവർ കേവലം 500 കോടിയിൽ താഴെ ചെലവഴിച്ച് ഒന്നോ രണ്ടോവർഷം കൊണ്ട് വയനാട്ടിലേക്കുള്ള അഞ്ച് ചുരം റോഡുകൾ ആധുനികവൽകരിച്ച് ബലപ്പെടുത്തി വീതി കൂട്ടി പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തത് നിക്ഷിപ്ത താൽപര്യക്കാരെ സംരക്ഷിക്കാനാണ്.

ഗതാഗതാക്കുരുക്ക് പതിന്മടങ്ങ് വർധിപ്പിച്ച് ജനവികാരം ഇളക്കിവിട്ട് പശ്ചിമഘട്ടത്തെ പിളർന്ന് നിരവധി പുതിയ പാതകൾ നിർമിക്കാനാൻ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ഉത്സാഹം കേവലം ജനസംരക്ഷണ താത്പര്യമല്ല . ഭൂമാഫിയകളെയും വനം കൈയേറ്റക്കാരെയും റിസോർട്ട് ഉടമസ്ഥരെയും സഹായിക്കാനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമാണ്. ഈ പാതകൾക്ക് കേന്ദ്രാനുമതി ലഭിക്കാൻ വലിയ കാലതാമസമുണ്ടാകും. താമരശ്ശേരി ചുരത്തിന് വനം വകപ്പ് വനംഭൂമി വിട്ടുകൊടുത്തിട്ട് കൊല്ലങ്ങൾ ഏറെ കഴിഞ്ഞിട്ടും വളവുകൾ വീതി കൂട്ടുന്നതിന് ആരും ഉത്സാഹിക്കുന്നില്ല. അനുവദനീയമായതിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിയാണ് ചരക്കു വാഹനങ്ങൾ ചുരത്തിലൂടെ സഞ്ചരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായ താമരശ്ശേരി ചുരത്തിലൂടെ പോകുന്ന ചരക്കു വാഹനങ്ങളുടെ ഭാരം എതു വിദഗ്ദ സംഘമാണ് നിജപ്പെടുത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തണം.

പ്രധാനമന്ത്രിയുടെ വനമാലാ പദ്ധതിയിൽ ഉൾപ്പെട്ട പക്രംതളം ചുരം റോഡ് വനത്തിലൂടെ അല്ലാത്തതിനാൽ ആരുടെയും അനുമതിയില്ലാതെ ഭൂമി അക്വയർ ചെയ്ത് വികസിപ്പിക്കാവുന്നതാണ്. പ്രസ്തുത റോഡ് നാലും വരിയാക്കി മാറ്റാൻ യാതൊരു പ്രതിബന്ധവുമില്ല. അത് വയനാട്ടിലേക്കുള്ള പ്രധാന റോഡാക്കിമാറ്റുകയും ചരക്കു വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും അതുവഴി മാത്രമാക്കി മാറ്റാനും പരിശ്രമിക്കുന്നില്ല.

അതീവ ലോലമായ പരിസ്ഥിതി പ്രത്യേകതകൾ ഉള്ള വയനാട്ടിലേക്കുള്ള അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഹന പ്രവേശനത്തിന് കാരിയിംഗ് കപ്പാസിറ്റി നിർണയിച്ച് നിയന്ത്രിക്കുകയും ഓൺലൈൻ പാസ്സ് ഏർപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യം മുൻ ജില്ലാ കലക്ടർ അടക്കം പലരും ഉന്നയിച്ചതാണ്. ചുരത്തിൽ മാത്രമല്ല വയനാട്ടിലുടനീളവും നഗരങ്ങളിലും ഗ്രാമങ്ങളിൽ പോലും വൻ ഗതാഗതക്കുരുക്കാണ് സമീപകാലത്തായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, വിദ്യാർഥികൾ തുടങ്ങിയവർക്ക് പുറത്തിറങ്ങാൻ വയ്യാത്ത വിധം റോഡിൽ ഗതാഗത സ്തംഭനം നിത്യസംഭവമായി കഴിഞ്ഞു.

ഇന്ത്യയിൽ ഊട്ടിയടക്കമുള്ള മലമുകളിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ വാഹന പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വയനാട്ടിൽ ജനപ്രതിനിധികളും പാർട്ടി നേതാക്കന്മാരും ശക്തമായി ചെറുക്കുന്നത് വയനാട്ടിലെ ജനങ്ങളുടെ സ്വൈരജീവിതത്തെക്കുറിച്ച് ഒട്ടും ഉൽക്കണ്ഠയില്ലാത്തതുകൊണ്ടാണ്. ഇത്തരം കാര്യങ്ങൾ ആർജവത്തോടെ നടപ്പാക്കി പ്രശ്നപരിഹാരത്തിന്ന് ശ്രമിക്കാതെ രാഷ്ട്രീയ പൊറാട്ടുനാടകം നടത്തുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, തച്ചമ്പത്ത് രാമകൃഷ്ണൻ, പി.എം. സുരേഷ്, സണ്ണി മരക്കടവ്, എ.വി. മനോജ്, ഒ.ജെ. മാത്യു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Traffic jam at Wayanad pass: Wayanad Nature Conservation Committee says MLAs' strike is a farce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.