മലപ്പുറം: ദേശീയപാത66ൽ മലപ്പുറം കുരിയാട്ടെ തകർന്ന ആറുവരിപ്പാതയിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു കൊടുത്തേക്കും. സമാന്തര റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സർവീസ് റോഡ് തുറന്നു കൊടുക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
ഇത്തരത്തിൽ റോഡ് തുറന്നു കൊടുക്കാൻ ദേശീയപാത അധികൃതരും ശിപാർശ ചെയ്തിട്ടുണ്ട്. ആറുവരിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കോൺക്രീറ്റ് കട്ടകൾ വീഴാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഏതാനും ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണ് നീക്കം.
മലപ്പുറം കുരിയാട് ദേശീയപാതയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീണ സാഹചര്യത്തിൽ ചെമ്മാട്-മമ്പുറം വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്. ദേശീയപാതയിലൂടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ചെറിയ റോഡിലൂടെ പോകുന്നത് വലിയ ഗതാഗതകുരുക്കിന് വഴിവെച്ചിരുന്നു.
കാലവർഷം വരുന്നതും സ്കൂൾ തുറക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർവീസ് റോഡ് തുറന്നു കൊടുക്കാനുള്ള ആലോചന.
മെയ് 19നാണ് നിർമാണം പൂർത്തിയാകുന്ന കോഴിക്കോട് -തൃശൂര്‍ ദേശീയപാതയിൽ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിലെ കൂരിയാട് മേഖലയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് സർവിസ് റോഡിലേക്ക് വീണത്. പാത തകർന്നതോടെ കിഴക്ക് വശത്തെ സർവിസ് റോഡും റോഡിനോട് ചേർന്ന വയലും കിലോമീറ്ററുകളോളം നീളത്തിൽ വിണ്ടുകീറി.
ആറ് മാസത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയൽ പ്രദേശത്ത് മതിയായ അടിത്തറ കെട്ടാതെ 30 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ പാതയിലാണ് തകർച്ച. അപകടം നടന്ന വയലിന് ഒരു കിലോമീറ്റർ അപ്പുറത്ത് മാസങ്ങൾക്ക് മുമ്പ് പാതയുടെ വശങ്ങൾ പത്തടിയിലധികം ഉയരത്തിൽ അടർന്ന് വീണിരുന്നു. അപകടത്തിന് പിന്നാലെ നിർമാണ കമ്പനിയായ കെ.എൻ.ആർ.സിയെ കേന്ദ്ര സർക്കാർ ഡീബാർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.