തിരുവനന്തപുരം: അടുത്ത സാർവദേശീയ തൊഴിലാളി ദിനത്തിൽ കേരളം നോക്കുകൂലി മുക്ത സംസ്ഥാനമാകുന്നു. മേയ് ഒന്നുമുതൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തിൽ ധാരണയായി. സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുകയും ജനം പൊറുതിമുട്ടുകയും ചെയ്യുന്ന നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള സർക്കാൻ തീരുമാനത്തിന് കേന്ദ്ര േട്രഡ് യൂനിയനുകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നുമുതൽ അവസാനിപ്പിക്കും. നോക്കുകൂലിയെ തുടർന്ന് സംരംഭം തുടങ്ങാനാകാതെ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിൽ ചർച്ച ചെയ്യവെ നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോൾതന്നെ, യന്ത്രവത്കരണത്തിെൻറ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാൻ പറ്റുമെന്ന് ആലോചിക്കാൻ ഉന്നതതല യോഗത്തിൽ ധാരണയായി.
പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികൾ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികൾക്ക് കഴിയുന്നത്ര തൊഴിൽ ലഭിക്കണമെന്നതാണ് സർക്കാറിെൻറ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനതല യോഗത്തിെൻറ തുടർച്ചയായി മേയ് ഒന്നിന് മുമ്പ് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും. തൊഴിലാളി സംഘടനകൾ പ്രശ്നമുണ്ടാക്കിയതുകൊണ്ട് സംസ്ഥാനത്ത് കഴിഞ്ഞ ദശാബ്ദത്തിനിടയിൽ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വ്യവസായികൾക്കും പരാതിയില്ല. എന്നാൽ, കേരളത്തെക്കുറിച്ചുള്ള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിെൻറ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര േട്രഡ് യൂനിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ ഈ ദുഷ്പ്രവണത തുടരുകയാണ്.
അത് തീർത്തും അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തിൽ സഹകരിക്കണം. കൂട്ടായ ശ്രമത്തിന് ഫലമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ, കെ. ചന്ദ്രൻപിളള (സി.ഐ.ടി.യു), ആർ. ചന്ദ്രശേഖരൻ, വർക്കല കഹാർ (ഐ.എൻ.ടി.യു.സി), കെ.എസ്. ഇന്ദുശേഖരൻ നായർ (എ.ഐ.ടി.യു.സി), ജി. മാഹിൻ അബൂബക്കർ (എസ്.ടി.യു), ജി. സുഗുണൻ (എച്ച്.എം.എസ്), ജി.കെ. അജിത്, ശിവജി സുദർശൻ (ബി.എം.എസ്), ഏഴുകോൺ സത്യൻ (കെ.ടി.യു.സി-.ജെ), വിനോഭ താഹ (യു.ടി.യു.സി), സോണിയ (സേവ), ലേബർ കമീഷണർ എ. അലക്സാണ്ടർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ സംസാരിച്ച എല്ലാ സംഘടനാ നേതാക്കളും സർക്കാർ ഇക്കാര്യത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.