ഏകീകൃത നിറം: വെട്ടിലായി ബസ് ബുക്ക് ചെയ്തവർ

കോഴിക്കോട്: ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃതനിറം വേണമെന്ന നിബന്ധന കടുപ്പിച്ചതോടെ വെട്ടിലായത് യാത്രക്കായി ബസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർ. വിനോദയാത്രകൾ, വിവാഹം, സമ്മേളനങ്ങൾ എന്നീ ആവശ്യങ്ങൾക്കായി നിരവധി പേരാണ് മുൻകൂട്ടി ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്തിരുന്നത്.

ടൂറിസ്റ്റ് ബസുകൾ, ട്രാവലർ തുടങ്ങി 2000ത്തോളം വാഹനങ്ങളാണ് ജില്ലയിൽ സർവിസ് നടത്തുന്നത്. സർക്കാർ നിബന്ധനയനുസരിച്ച് വെള്ളനിറത്തിൽ പെയിന്റ് ചെയ്ത ബസുകളുടെ എണ്ണം വളരെ കുറവാണ്. ദീപാവലി അവധിയോടനുബന്ധിച്ച് ഒരുമിച്ച് ലഭിച്ച അവധി, യാത്ര പോകാൻ മാറ്റിവെച്ചവർക്ക് 'പണി' കിട്ടിയ അവസ്ഥയാണ്.

വടക്കഞ്ചേരി ബസ് അപകടത്തോടെയാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃതം നിറം വേണമെന്ന നിയമം കർശനമാക്കിയത്. കളർ കോഡ് നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളിയിരുന്നു.

മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിച്ചതോടെ വെള്ളനിറം അടിക്കാത്ത ബസുകൾ നിരത്തിൽനിന്ന് പിൻവലിഞ്ഞിരിക്കുകയാണ്. ഇതോടെ വിവാഹം, വിനോദയാത്രകൾ എന്നിവക്കുവേണ്ടി വാഹനം ബുക്ക് ചെയ്തവരാണ് ഏറെ വെട്ടിലായത്. വിനോദയാത്രകൾക്ക് മുൻകൂട്ടി ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്തവർ റദ്ദാക്കിയെങ്കിലും വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടി ബുക്ക് ചെയ്തവർ ആശയക്കുഴപ്പത്തിലാണ്.

സമയത്തിന് വാഹനങ്ങൾ ലഭിക്കാതെ വരുമോയെന്നഭീതിയാണ് ഇവരെ അലട്ടുന്നത്. കൂടുതൽ തുക കൊടുത്ത് മറ്റുവാഹനങ്ങൾ ബുക്ക് ചെയ്തവരും കുറവല്ല. അതേസമയം, വാഹനങ്ങൾ പെയിന്റ് ചെയ്തെടുക്കാൻ ഒരുമാസംവരെ സമയമെടുക്കുമെന്നും സാവകാശം നൽകണമെന്നുമാണ് കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഒരുബസ് പെയിന്റ് ചെയ്ത് എടുക്കാൻ ഏകദേശം ഒരുമാസം സമയമെടുക്കും. ഇതിനായി ഒരു ലക്ഷം മുതൽ 1.30 ലക്ഷം വരെ ചെലവുവരും. സർക്കാറിൽനിന്ന് എന്തെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസ്റ്റ് ബസുടമകൾ.

Tags:    
News Summary - tourist bus uniform color-Those who booked the bus was in confusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.