ടോംസ് കോളജില്‍ പരിശോധനക്ക് സാങ്കേതിക സര്‍വകലാശാല ഉപസമിതി 

തിരുവനന്തപുരം: വിദ്യാര്‍ഥി പീഡന പരാതികള്‍ ഉയര്‍ന്ന കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍ സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍െറ ഉപസമിതി തെളിവെടുപ്പ് നടത്തും.എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഡോ. ജി. രാധാകൃഷ്ണപിള്ള, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടര്‍ ഡോ. ജയകുമാര്‍ എന്നിവരടങ്ങിയ മൂന്നംഗസമിതി ചൊവ്വാഴ്ച കോളജിലത്തെി വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മാനേജ്മെന്‍റില്‍നിന്നും മൊഴിയെടുക്കും. 

വെള്ളിയാഴ്ച ചേര്‍ന്ന സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ ഫെബ്രുവരി രണ്ടിന് വീണ്ടും എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗംചേരും. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടിയും അന്ന് തീരുമാനിക്കും. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ഡോ. പത്മകുമാര്‍ കോളജില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കി വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ കോളജിന്‍െറ അഫിലിയേഷന്‍ റദ്ദ് ചെയ്യണമെന്ന് ശിപാര്‍ശചെയ്തിരുന്നു. എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തില്‍ രജിസ്ട്രാര്‍ കോളജിലെ ക്രമക്കേടുകളും മനുഷ്യാവകാശലംഘനവും റിപ്പോര്‍ട്ട് ചെയ്തു. കോളജിന്‍െറ അഫിലിയേഷന്‍ റദ്ദ് ചെയ്യണമെന്ന നിലപാടിലായിരുന്നു സര്‍വകലാശാല വി.സിയും പി.വി.സിയും രജിസ്ട്രാറും. എന്നാല്‍, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗം കൂടെ കേട്ടശേഷം നടപടി മതിയെന്നായിരുന്നു ഇതര അംഗങ്ങളുടെ നിലപാട്. 

നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഉപസമിതി അഭിപ്രായങ്ങള്‍ ആരായും. കോളജിന് അഫിലിയേഷന്‍ നല്‍കിയതിലെ അപാകതയും രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോളജിലെ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാല നേരത്തെ കോളജിന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, പ്രശ്നങ്ങള്‍ പരിഹരിച്ച് കോളജ് നിലനിര്‍ത്താന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോളജ് സ്ഥിതിചെയ്യുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്ത് അധികൃതര്‍ സാങ്കേതിക സര്‍വകലാശാലക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

കൊല്ലം ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജ്, വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് എന്നീ കോളജുകള്‍ക്കെതിരെയുള്ള പരാതികളിലും അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സര്‍വകലാശാലയുടെ കോളജ് പരിശോധനാസമിതിയായിരിക്കും ഇവിടെ പരിശോധനനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, വിദ്യാര്‍ഥികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തത് എന്നിവ സംബന്ധിച്ചാണ് പരാതി ലഭിച്ചത്. പരിശോധനസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കും.

Tags:    
News Summary - toms college issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.