തിരുവനന്തപുരം: കിഫ്ബി പദ്ധതി പ്രകാരം നിർമിച്ച റോഡുകളിൽനിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ വൻകിട പദ്ധതികൾ വഴി ജനങ്ങൾക്ക് ദോഷം വരാത്ത നിലയിൽ വരുമാന സ്രോതസ്സ് കണ്ടെത്തണമെന്നും കിഫ്ബിയുടെ സംരക്ഷണമുറപ്പാക്കണമെന്നും യോഗ തീരുമാനങ്ങൾ സംബന്ധിച്ച് ഘടകകക്ഷികൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു. കിഫ്ബി റോഡുകളിൽ ടോൾ പിരിവ് സംബന്ധിച്ച് സി.പി.ഐ അടക്കം ഭിന്നാഭിപ്രായമുയർത്തിയിരുന്നു. ഇക്കാര്യത്തിൽ മുന്നണി യോഗത്തിൽ വിശദമായ ചർച്ച നടന്നിട്ടില്ലെന്നിരിക്കെയാണ് തീരുമാനമായി സർക്കുലറിൽ ഉൾപ്പെടുത്തിയത്.
ബ്രൂവറി വിഷയത്തിലും സി.പി.ഐയുടെയും ആർ.ജെ.ഡിയുടെയും ശക്തമായ എതിർപ്പ് തള്ളുന്നതാണ് ഇടതുമുന്നണി സർക്കുലർ. എലപ്പുള്ളിയിൽ മദ്യനിർമാണശാലക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം തള്ളി, ബ്രൂവറി അനുവദിക്കാമെന്ന സി.പി.എം നിലപാടാണ് മുന്നണി തീരുമാനമായി സർക്കുലറിലുള്ളത്. അതേസമയം, ഇടഞ്ഞുനിൽക്കുന്ന ഘടകകക്ഷികളെ ആശ്വസിപ്പിക്കാൻ മദ്യനിർമാണശാല അനുവദിക്കുമ്പോൾ ജലത്തിന്റെ വിനിയോഗത്തിൽ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാൻ പാടില്ലെന്നും സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കിഫ്ബി റോഡുകൾക്ക് ടോൾ പിരിവ് സംബന്ധിച്ച സൂചന നേരത്തേ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും നൽകിയതാണ്. കിഫ്ബി പദ്ധതികൾ വരുമാനദായകമാകാതെ മുന്നോട്ടുപോകാനാകില്ലെന്ന് ഇവർ പറഞ്ഞത് റോഡ് ടോളിന്റെ സൂചനയായിരുന്നു. ഇടതുമുന്നണിയുടെ അംഗീകാരം കൂടിയായതോടെ, ഇക്കാര്യത്തിൽ തുടർനടപടികൾ സർക്കാറിൽ നിന്നുണ്ടാകും.
കിഫ്ബി റോഡുകൾ പലതും ഗ്രാമീണ മേഖലകളിലാണ്. ഇത്തരം റോഡുകളിൽ ടോൾ വരുന്നത് വലിയ തോതിൽ എതിർപ്പിന് കാരണമായേക്കാം. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ, ജനരോഷം വിളിച്ചുവരുത്തുന്ന തീരുമാനം സി.പി.എം നടപ്പാക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിൽ വരുമാനം കണ്ടെത്താനാകാതെ പിടിച്ചുനിൽക്കാനാകാത്ത നിലയിലാണ് സർക്കാർ എന്നതും വസ്തുതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.