കൊച്ചി: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ടോൾ പിരിക്കൽ പുനഃരാരംഭിക്കണോയെന്ന കാര്യത്തിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ ടോൾപിരിവിൽ അന്തിമ തീരുമാനമെടുക്കാനാവുവെന്ന് ഹൈകോടതി വ്യക്തമാക്കി. തിങ്കളാഴ്ചയെങ്കിലും ടോൾ പിരിവിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈകോടതി കൂട്ടിച്ചേർത്തു. അതുവരെ ടോൾ പിരിവ് പാടില്ലെന്നും കോടതി നിർദേശിച്ചു.
ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ജില്ല കലക്ടറുടെ നേതൃത്വത്തിലെ സമിതി ദേശീയപാത പരിശോധിച്ച ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് വ്യക്തമല്ലെന്ന് കോടതി ഇന്ന് വിമർശിച്ചു. റോഡിൽ 18 ഇടങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയെന്നും ഇതിൽ 13 ഇടങ്ങളിൽ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചെന്നും ബാക്കി സ്ഥലങ്ങളിലെ പ്രശ്നങ്ങൾ അതേപടി തുടരുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാല്‍, എവിടെയെല്ലാം എന്തെല്ലാം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കോടതി പറഞ്ഞു. വ്യക്തതയില്ലാത്ത ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും പുതിയ റിപ്പോർട്ട് വേണമെന്നും കോടതി ജില്ല കലക്ടറോട് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ചയിലേക്ക് ഹരജി വീണ്ടും മാറ്റുകയും അതുകഴിഞ്ഞ് ടോൾ പിരിക്കണോ എന്ന് ആലോചിക്കാമെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയും ഈ ഹരജി പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈകോടതി നിരാകരിച്ചിരുന്നു. പാലിയേക്കരയിലെ പ്രശ്നം പൂർണമായി പരിഹരിക്കുകയും ഹരജികളിൽ തീരുമാനമാകുന്നത് വരെയും ടോൾ പിരിവ് വേണ്ടെന്നാണ് അന്ന് ഹൈകോടതി പറഞ്ഞിരുന്നത്.
ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ആഗസ്റ്റ് ആറിനാണ് പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച് കോടതി വിധി പുറപ്പെടുവിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജികളിലാണ് ടോൾ പിരിവ് നിർത്തിവെപ്പിച്ചത്. തുടർന്ന് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. സുപ്രീംകോടതിയും ടോൾ പിരിവ് നിർത്തിവെച്ചത് ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.