representational image

സമയോചിത ഇടപെടല്‍; പാമ്പുകടിയേറ്റ ആദിവാസി ബാലന്‍ തിരികെ ജീവിതത്തിലേക്ക്

കൽപറ്റ: വനത്തില്‍വെച്ച് പാമ്പുകടിയേറ്റ ആദിവാസി ബാലന്‍ ഡോക്ടര്‍മാരുടെ സമയോചിത ഇടപെടല്‍ മൂലം തിരികെ ജീവിതത്തിലേക്ക്. പുല്‍പള്ളി മരക്കടവ് കോളനിയിലെ 13 കാരനാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച ഉച്ചയോടെ വനത്തില്‍ വച്ച് പാമ്പുകടിയേറ്റ കുട്ടി ഏകദേശം നാല്‍പത്തിയഞ്ച് മിനിറ്റിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. 1.15 ഓടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില വഷളാണെന്നു തിരിച്ചറിഞ്ഞ അനസ്‌തെറ്റിസ്റ്റ് ഡോ. ഫാത്തിമ തസ്‌നീം ഇന്‍ട്യുബേഷന്‍ (വായിലൂടെ ട്യൂബിട്ട് ഓക്‌സിജന്‍ നല്‍കല്‍) ആരംഭിച്ചു. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അതുല്‍, ഡോ. ലിജി വര്‍ഗീസ് എന്നിവരും ആരോഗ്യനില വിശകലനം ചെയ്ത് കൂടെയുണ്ടായിരുന്നു.

ഈ സമയം രക്തത്തിലെ ഓക്‌സിജന്റെ അളവ് 76 ആയി കുറഞ്ഞിരുന്നു. 1.30 ഓടെ ഇന്‍ട്യുബേഷന്‍ തുടര്‍ന്നുകൊണ്ടുതന്നെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ കുട്ടിയുടെ രക്തസമ്മര്‍ദം കുറഞ്ഞുവരുന്നതു ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ അവസരോചിതമായി ഇടപെട്ട് സാധാരണ നിലയിലെത്തിച്ചു. ഈ സമയങ്ങളിലൊക്കെ കളക്ടറേറ്റിലെ ഡി.പി.എം.എസ്.എസ്.യു. കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഡോ. നിത വിജയന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ. സി. ഇസ്മായിലും സജീവമായി ഇടപെട്ടു. നേരത്തേ അറിയിച്ചതു പ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോ. കര്‍ണന്‍, ഡോ. സുരാജ്, ഡോ. ജസീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി കാത്തിരുന്നു.

അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ ഉടന്‍തന്നെ ഐ.സി.യു.വെന്റിലേറ്ററിലേക്ക് മാറ്റി. ആന്റിവെനം നല്‍കി 6 മണിക്കൂര്‍ നിരീക്ഷണത്തിലാക്കി. ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഐ.സി.യു ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടുകൂടി മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഡോ. ദാമോദരന്‍, ഡോ. അന്ന, ഡോ. വാസിഫ്, ഡോ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഡി.എം.ഒ. ഡോ. ആര്‍. രേണുക, ഡി.പി.എം. ഡോ. ബി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി കുട്ടിയുടെ ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നാഡീവ്യൂഹത്തെ ബാധിച്ചതിനാല്‍ മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് നിഗമനം.

Tags:    
News Summary - Timely intervention; Snake-bitten tribal boy returns to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.