അടിമാലി: ബി.ഡി.ജെ.എസിനെ അവഗണിച്ചാൽ സംസ്ഥാനത്ത് എൻ.ഡി.എ ഇല്ലാതാകുമെന്ന് തുഷാർ വെള്ളാപ്പള്ളി. ഇവിടെ ജനപിന്തുണ കുറവുള്ള പാർട്ടിയാണ് ബി.ജെ.പി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം. ബി.ഡി.ജെ.എസ് വോട്ടുകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞ് വേണം ബി.ജെ.പി ഇത്തരം പ്രചാരണം നടത്താൻ. അടിമാലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒന്നോ രണ്ടോ മണ്ഡലങ്ങളിലൊഴിച്ച് ബി.ജെ.പി വട്ടപൂജ്യമായിരുന്നു. ബി.ജെ.പിയുമായി ചേർന്ന് ബി.ഡി.ജെ.എസ് മുന്നണിയായി നിന്നപ്പോൾ അവർക്ക് അക്കൗണ്ട് തുറക്കാനായി. ചിലയിടങ്ങളിൽ നിസ്സാരവോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആവശ്യമില്ലാത്ത വിവാദമുണ്ടാക്കി കേരളത്തിലെ ബി.ജെ.പി നേതാക്കൾ ബി.ഡി.ജെ.എസിനെ തകർക്കാൻ ഗൂഢശ്രമം നടത്തുകയാണെന്നും രാജ്യസഭ സീറ്റ് വിവാദമാക്കിയത് ഇത്തരത്തിലാണെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസിന് നൽകാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങൾ വേണം. രാഷ്ട്രീയത്തിൽ ശത്രുവും മിത്രവും ബി.ഡി.ജെ.എസിനിെല്ലന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിൽ നടന്ന പാർട്ടി നേതൃയോഗം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. പി. രാജൻ, കെ.ഡി. രമേശ്, ഷാജി കല്ലറയിൽ, അഡ്വ.എസ്. പ്രവീൺ, സജി പറമ്പിൽ, സുരേഷ്, വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.