തൃശൂർ പൂരത്തിൽ പങ്കെടുക്കാനായി എത്തിയ ആന വടക്കുനാഥനെ തൊഴുന്നു
ഫോട്ടോ: ബൈജു കൊടുവള്ളി
തൃശൂർ: പൂരത്തിൽ നേതൃ സ്ഥാനത്തുള്ള തിരുവമ്പാടിക്കും പാറമേക്കാവിനും പുറമെ എട്ട് ക്ഷേത്രങ്ങൾകൂടി പങ്കാളിയാണ്. ഓരോ പൂരവും നഗര മധ്യത്തിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്താനും തിരിച്ച് ഇറങ്ങാനും രാത്രി വീണ്ടും വന്നുപോകാനും നിശ്ചയിച്ച സമയമുണ്ട്. വാദ്യവും മേളവും ക്രമേണ എണ്ണം കൂടുന്ന ആനകളുമായി പൂരങ്ങളുടെ ക്രമീകരണം ഇങ്ങനെ:
പൂരങ്ങളിൽ ആദ്യമെത്തുക കണിമംഗലം ശാസ്താവാണ്. ‘ദേവഗുരുവായ ബൃഹസ്പതി’ എന്നാണ് ശാസ്താ സങ്കൽപം. ‘മഞ്ഞും മഴയും വെയിലും കൊള്ളാതെ’ വന്നു പോകുന്നുവെന്നും സങ്കൽപിക്കുന്നു. പുലർച്ചെ 5.45ന് കുളശ്ശേരി ക്ഷേത്രത്തിലെത്തി തിങ്കളാഴ്ച നെയ്തലക്കാവ് ഭഗവതി തുറന്ന് വടക്കുംനാഥന്റെ തെക്കേ ഗോപുരം വഴിയാണ് ശാസ്താവ് ക്ഷേത്ര മതിലകത്തേക്ക് പ്രവേശിക്കുന്നത്.
7.30ഓടെ പടിഞ്ഞാറേ ഗോപുരം വഴി പുറത്തുകടന്ന് പാണ്ടിമേളം. തിരിച്ച് കുളശ്ശേരിയിലെത്തി ഇറക്കി എഴുന്നള്ളിക്കും. വൈകീട്ട് 6.45ന് കുളശ്ശേരയിൽനിന്ന് പുറപ്പെട്ട് എട്ടോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ നടുവിലാൽ വഴി ശ്രീമൂലസ്ഥാനത്തെത്തി വടക്കുംനാഥൻ നിലപാടുതറയിൽ പ്രദക്ഷിണം വെച്ച് കണിമംഗലത്തേക്ക് മടങ്ങും.
രാവിലെ ആറിന് കാരമുക്ക് ക്ഷേത്രതിൽനിന്ന് ചിയ്യാരം ആലുംവെട്ടുവഴി, കൂർക്കഞ്ചേരി, കൊക്കാലെ വഴി കുളശ്ശേരിയിലെത്തും. മണികണ്ഠനാലിലെത്തി പാണ്ടിമേള അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തും. മേളം കലാശിച്ച് തിടമ്പേറ്റിയ ആന വടക്കുംനാഥനെ പ്രദക്ഷിണം വെച്ച് തെക്കേഗോപുരം വഴി പുറത്തെത്തി കുറുപ്പം റോഡ് വഴി കുളശ്ശേരി ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്.
രാത്രി ഏഴിന് കുളശ്ശേരിയിൽനിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മണികണ്ഠനാൽ വഴി ശ്രീമൂലസ്ഥാനത്തെത്തി രാത്രി 10ഓടെ പഞ്ചവാദ്യം അവസാനിപ്പിച്ച് നിലപാടുതറയിൽ പ്രവേശിച്ച് മണികണ്ഠനാൽ വഴിതന്നെ കാരമുക്കിലേക്ക് മടക്കം.
രാവിലെ ആറിന് അയ്യന്തോൾ ക്ഷേത്രത്തിൽനിന്നും ഗ്രൗണ്ട്, കലക്ടറേറ്റ്, പടിഞ്ഞാറെക്കോട്ട, എം.ജി റോഡ് വഴി പഞ്ചവാദ്യത്തോടെ സ്വരാജ് റൗണ്ടിൽ. 10.30ഓടെ പഞ്ചവാദ്യം കലാശിച്ച് പാണ്ടിയിലേക്ക്. 12ന് ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് വടക്കുംനാഥൻ മതിലകത്ത് കയറി തെക്കേഗോപുരം വഴി പുറത്തെത്തി റൗണ്ടിലൂടെ അയ്യന്തോൾ ക്ഷേത്രത്തിലേക്ക്.
രാത്രി എട്ടിന് അതേ വഴികളിലൂടെ കോട്ടപ്പുറത്തെത്തി നടുവിലാൽ വഴി ശ്രീമൂലസ്ഥാനത്ത് നിലപാടുതറയിൽ കയറി തിരിച്ച് നടുവിൽ മഠത്തിൽ ഇറക്കി എഴുന്നള്ളിക്കുമ്പോൾ 12.30 കഴിയും. രാവിലെ നടുവിൽ മഠത്തിൽ ആറാട്ടിന് ശേഷമാണ് അയ്യന്തോൾ ക്ഷേത്രത്തിലേക്ക് മടക്കം.
രാവിലെ 6.30ഓടെ ലാലൂർ സെന്റർ, ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം വഴി ഔട്ട്പോസ്റ്റ് ജങ്ഷനിലെത്തി എം.ജി റോഡ് വഴി നടുവിലാലിൽ. 10ന് ശ്രീമൂലസ്ഥാനത്ത് മേളം അവസാനപ്പിച്ച് പടിഞ്ഞാറെഗോപുരം വഴി വടക്കുംനാഥ മതിലകത്ത് പ്രദക്ഷിണം വെച്ച് തെക്കേഗോപുരം വഴി ഇറക്കം.
സ്വരാജ് റൗണ്ടിലൂടെ നടുവിലാൽ വഴി ലാലൂരിലേക്ക് മടങ്ങും. സന്ധ്യക്ക് ക്ഷേത്രത്തിൽനിന്ന് വീണ്ടും അരണാട്ടുകര, തോപ്പിൻമൂല, മാടമ്പി ലെയ്ൻ വഴി എം.ജി റോഡിൽ പ്രവേശിച്ച് നടുവിലാൽ വഴി ശ്രീമൂലസ്ഥാനത്തെ പടിഞ്ഞാറ് ഭാഗത്ത് പഞ്ചവാദ്യം അവസാനിപ്പിച്ച് മടങ്ങും.
രാവിലെ 6.30ന് എഴുന്നള്ളിപ്പ് തുടങ്ങും. കിഴക്കേകോട്ട വഴി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തി വടക്കുംനാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ മതിലകത്ത് പ്രവേശിച്ച് പടിഞ്ഞാറെനട ഭാഗത്ത് മേളം കൊട്ടി പ്രദക്ഷിണം വെച്ച് തെക്കേഗോപുരം വഴി തിരിച്ചറങ്ങി ക്ഷേത്രത്തിലേക്ക്.
രാത്രി 7.30ന് വീണ്ടും പനമുക്കുംപിള്ളിയിൽനിന്ന് പുറപ്പെട്ട് കിഴക്കേഗോപുരം വഴി വടക്കുംനാഥനിൽ കയറി പ്രദക്ഷിണം വെച്ച് അതേവഴി തന്നെ തിരിച്ചറങ്ങി മടങ്ങും.
ഘടക പൂരങ്ങളിൽ ഏറ്റവും വലിയ ചൂരക്കോട്ടുകാവ് പൂരം രാവിലെ 6.45ന് ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. മുതുവറ, പുഴയ്ക്കൽ, പൂങ്കുന്നം ചക്കാമുക്ക്, വഴി കോട്ടപ്പുറം ശിവക്ഷേത്രത്തിന് മുന്നിലൂടെ എം.ജി റോഡിൽ കയറി നടുവിലാലിലേക്ക്. ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം കലാശിച്ച് 11ന് പടിഞ്ഞാറെഗോപുരം വഴി വടക്കുംഥനിൽ പ്രവേശിച്ച് തെക്കേഗോപുരം വഴി എം.ഒ റോഡ് ജങ്ഷനിലൂടെ പാറമേക്കാവ് ക്ഷേത്രത്തിലേക്ക് നീങ്ങും.
അവിടെ ഇറക്കി എഴുന്നള്ളിക്കും. രാത്രി 9.30ന് പാറമേക്കാവിൽനിന്ന് പുറപ്പെട്ട് സ്വരാജ് റൗണ്ട് വഴി നടുവിലാലിലെത്തി 10ന് മേളം തുടങ്ങും. 12ന് മേളം അവസാനിപ്പിച്ച് നിലപാടുതറയിൽ പ്രവേശിച്ച് തിരിച്ച് നടുവിലാൽ, എം.ജി റോഡ് വഴി തിരിച്ച് ചൂരക്കോട്ടുകാവിലേക്ക്.
രാവിലെ ഏഴിന് ഷൊർണൂർ റോഡ് വഴി നായ്ക്കനാലിൽ. അവിടെനിന്ന് സ്വരാജ് റൗണ്ട് പടിഞ്ഞാറെ പ്രദക്ഷിണ വഴിയിലൂടെ നടവിലാൽ വഴി പഴയ നടക്കാവ് നടുവിൽ മഠത്തിലേക്ക് അവിടെ ഇറക്കി പൂജക്ക് എഴുന്നള്ളിക്കും. 11ന് ബ്രഹ്മസ്വം മഠത്തിൽനിന്ന് മൂന്ന് ആനകളോടെ ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യമാണ്.
തുടർന്ന് പഴയ നടക്കാവിലൂടെ സ്വരാജ് റൗണ്ട്, നടുവിലാൽ, നായ്ക്കനാൽ വഴി ശ്രീമൂലസ്ഥാനത്തെത്തി വൈകീട്ട് അഞ്ചിന് പടിഞ്ഞാറെ ഗോപുരം വഴി വടക്കുംനാഥനിൽ പ്രവേശിച്ച് പ്രദക്ഷിണ ശേഷം തെക്കേഗോപുരം വഴി 5.30ഓടെ പ്രസിദ്ധമായ തെക്കോട്ടിറക്കം.
അവിടെയാണ് പാറമേക്കാവ് ഭഗവതിയുമായി ‘കുടമാറ്റം’ എന്ന പ്രസിദ്ധമായ അഭിമുഖം. അതുകഴിഞ്ഞ് മുനിസിപ്പൽ റോഡിൽ പ്രവേശിച്ച് തിരിച്ച് സ്വരാജ് റൗണ്ടിലെത്തി വടക്കുംനാഥക്ഷേത്ര മൈതാനം വഴി പഴയ നടക്കാവിലെത്തി ബ്രഹ്മസ്വം മഠത്തിൽ ഇറക്കി എഴുന്നള്ളിപ്പ്.
രാത്രി 11ഓടെ മഠത്തിൽ വരവ് ആവർത്തിക്കും. മൂന്ന് മണിക്കൂറോളം കഴിഞ്ഞ് നായ്ക്കനാൽ പന്തലിലെത്തി നിൽക്കും. പുലർച്ചെ വെടിക്കെട്ടിന്ശേഷം ബുധനാഴ്ച രാവിലെ എട്ടിന് ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി മേളത്തിന് ശേഷം 12.30ഓടെ പാറമേക്കാവ് ഭഗവതിയോട് ഉപചാരം ചൊല്ലി ക്ഷേത്രത്തിലേക്ക് മടക്കം. രാത്രി നടുവിൽ മഠത്തിൽ ഭഗവതിമാരുടെ കൂടിയാറാട്ടിന് ശേഷം രാത്രി ഉത്രം വിളക്കോടെയാണ് പൂര ചടങ്ങുകളുടെ സമാപനം.
രാവിലെ ഏഴിനാണ് ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്നത്. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തിടമ്പേറ്റുന്നത്. ജലവർ ബാലഭവൻ ജങ്ഷനിൽനിന്ന് ടൗൺഹാൾ റോഡിലൂടെ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തി കിഴക്കേഗോപുരം വഴി വടക്കുംനാഥനിൽ പ്രവേശിച്ച് പ്രദക്ഷിണമായി തെക്കേ ഗോപുരത്തിലൂടെ ഇറങ്ങും.
തിടമ്പേറ്റിയ ആന വീണ്ടും വടക്കുംനാഥ ക്ഷേത്ര മതിലകത്ത് കയറി പ്രദക്ഷിണമായി കിഴക്കേഗോപുരം വഴി ഇറങ്ങി ചെമ്പുക്കാവിലേക്ക് പോകും. രാത്രി 7.30ന് ക്ഷേത്രത്തിൽനിന്ന് മ്യൂസിയം റോഡ്, ടൗൺഹാൾ റോഡ് വഴി പാറമേക്കാവ് ക്ഷേത്ത്രിന് മുന്നിലെത്തി കിഴക്കേഗോപുരം വഴി വടക്കുംനാഥനിൽ പ്രവേശിച്ച് പടിഞ്ഞാറെ ഗോപുരത്തിലൂടെ ഇറങ്ങി ശ്രീമൂലസ്ഥാനത്ത് പഞ്ചവാദ്യം അവസാനിപ്പിച്ച് ക്ഷേത്രതിലേക്ക് മടങ്ങും.
തിങ്കളാഴ്ച പൂരം വിളംബരം ചെയ്ത് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതിൽ തുറന്നിടാനെത്തിയ നെയ്തലക്കാവ് ഭഗവതി പൂരത്തിന് രാവിലെ 8.30നാണ് പുറപ്പെടുന്നത്. വിയ്യൂർ, പാട്ടുരായ്ക്കൽ വഴി തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലൂടെ നായ്ക്കനാലിൽ എത്തി സ്വരാജ് റൗണ്ടി വഴി നടുവിലാലിൽ വരും.
പാണ്ടിമേള അകമ്പടിയോടെ വടക്കുംനാഥനിലെത്തി തിരിച്ച് പഴയ നടക്കാവ് എരിഞ്ഞേരി കാർത്യായനി ക്ഷേത്രത്തിൽ ഇറക്കി എഴുന്നെള്ളിക്കും. രാത്രി പൂരത്തിന് 12ഓടെ നടുവിലാലിൽനിന്നും ശ്രീമൂലസ്ഥാനത്തെത്തി തിരിച്ച് നെയ്തലക്കാവിലേക്ക്.
ഉച്ചക്ക് 12ന് 15 ആനകളോടെ ചെമ്പട മേളവുമായാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നത്. ചെമ്പട അവസനിപ്പിച്ച് പാണ്ടിമേളത്തോടെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി അകത്തുകടന്ന് പടിഞ്ഞാറെ നടയിൽ എത്തുന്നതോടെ പൂരത്തിന്റെ ‘മാസ്റ്റർ പീസ്’ ഇനമായ ‘ഇലഞ്ഞിത്തറ മേളം’. അഞ്ച് മണിയോടെ മേളം അവസാനിപ്പിച്ച് തെക്കോട്ടിറക്കം.
സ്വരാജ് റൗണ്ട് മുറിച്ചുകടന്ന് എം.ഒ റോഡിൽ രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടിലെത്തി ആനകൾ നിരക്കുന്നതോടെ തിരുവമ്പാടിയുമായി ‘കുടമാറ്റം’ എന്ന കൂടിക്കാഴ്ച. തുടർന്ന് റൗണ്ടി വഴി ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളിക്കും. രാത്രി 10.30നാണ് വീണ്ടും പുറപ്പാട്.
റൗണ്ടിലൂടെ മണികണ്ഠനാലിലെത്തി എഴുന്നള്ളി നിൽക്കും. പുലർച്ചെ വെടിക്കെട്ടിന് ശേഷം ബുധനാഴ്ച രാവിലെ 7.30ന് ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങി 12.30ന് തിരുവമ്പാടി ഭവഗതിയമായി ഉപചാരം ചൊല്ലൽ. വൈകീട്ട് നടുവിൽ മഠത്തിൽ കൂടിയാറാട്ടിന് ശേഷം രാത്രി ക്ഷേത്രത്തിലെത്തി ഉത്രം വിളക്കോടെ പൂരം അവസാനിക്കും.
പൂരത്തിന് തുടക്കമിട്ട് തെക്കേ ഗോപുരവാതിൽ തുറക്കൽ ഇപ്പോൾ പൂരസമാനമായ കാഴ്ചയാണ്. നെയ്തലക്കാവിൽനിന്ന് ഏറെ വഴി പിന്നിട്ട് കൊമ്പൻ ശിവകുമാർ തൃശൂർ നഗരത്തിലും വടക്കുംനാഥ സന്നിധിയിലും എത്തുമ്പോൾ കൂടെയൊഴുകുന്ന ജനക്കൂട്ടത്തിന്റെ വലിപ്പവും കൂടിവരിയായിരുന്നു. ഗോപുരവാതിൽ തുറന്ന് ഇറങ്ങുന്നത് കാണാൻ ഗോപുരച്ചരിവിൽ കൂടിനിന്നത് പൂഴി വീഴാത്തത്ര ജനങ്ങളാണ്.
പൂരം ആഘോഷിക്കുന്ന ചൊവ്വാഴ്ച ആദ്യമായി എത്തുന്ന കണിമംഗലം ശാസ്താവിന് തെക്കേ ഗോപുരം വഴി വടക്കുംനാഥ മതിലകത്ത് പ്രവേശിക്കാം. കണിമംഗലം ശാസ്താവ് ദേവഗുരുവെന്ന് സങ്കൽപമുള്ളതുകൊണ്ടാണിത്. ചൊവ്വാഴ്ച തുടങ്ങി 30 മണിക്കൂർ പിന്നീട് ബുധനാഴ്ച ഉച്ച വരെ തൃശൂർ നഗരം പൂരത്തിൽ നിറയും.
മണി കിലുക്കിയും ചെവിയാട്ടിയും വീഥികൾ നിറഞ്ഞ് നീങ്ങുന്ന ആനകൾ, ആസ്വാദകരെ ആനന്ദത്തിൽ ആറാടിക്കുന്ന വിഭവവുമായി വാദ്യമേളക്കാർ, തീവെട്ടിച്ചന്തം....വർഷത്തിലൊരിക്കൽ ഇതിലലിഞ്ഞ് മറ്റെല്ലാം മറക്കുന്ന അനുഭൂതികൾ അനുഭവിക്കാൻ ഒരുങ്ങിയിരിപ്പാണ് പൂരപേമ്രികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.