തൃശൂർ വെടിക്കെട്ടപകടം: രക്ഷാപ്രവർത്തനം ദുഷ്‍കരമാക്കി തുടർ സ്ഫോടനങ്ങൾ

തൃശൂര്‍: തൃശൂർ വെടിക്കെട്ട് പുരയിലെ രക്ഷാ പ്രവർത്തനങ്ങൾ ദുഷ്‍കരമാക്കി തുടർ സ്ഫോടനങ്ങൾ. സ്ഫോടനം നടന്നയുടനെ ആളുകൾ ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ തുടർച്ചെയുണ്ടായ സ്​ഫോടനങ്ങൾ ​രക്ഷാപ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയായി. അപകടത്തിൽ ആറുപേർ മരിക്കുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. ഭൂമി കുലുക്കമാണെന്നാണ് പ്രദേശവാസികൾ ആദ്യം കരുതിയത്. പുകപടലങ്ങൾ ഉയരുന്നതിനാൽ സ്ഥലത്തേക്ക് അടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.പ്രദേശത്ത് കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

മുണ്ടത്തിക്കോട് വയലിന്റെ നടുവിലായാണ് വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചത്. വയലിലൂടെ വേണം ഇവിടേക്ക് എത്താന്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കുന്നതിനും വലിയ വെല്ലുവിളിയായി. വന്‍ സ്‌ഫോടനമുണ്ടായി ഒരു മണിക്കൂറിന് ശേഷവും തീയണക്കാന്‍ കഴിഞ്ഞിരുന്നില്ല. പാടത്തിന്റെ നടുവില്‍ ഒരു ദ്വീപ് പോലെയാണ് വെടിക്കെട്ടുപുരയുള്ള സ്ഥലം. ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും നേരിട്ട് എത്താന്‍ പറ്റില്ല. തുടര്‍സ്‌ഫോടനങ്ങളും ആര്‍ത്തനാദങ്ങളും കണ്ടുനില്‍ക്കാനല്ലാതെ അടുത്തേക്ക് പോലും പോകാനാകാത്ത സാഹചര്യമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിലായിരുന്നു മുണ്ടത്തിക്കോട് സ്ഫോടനം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഇവിടേക്ക് പ്രവേശിച്ചത്. തിരച്ചിലിനായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.