കൊച്ചി: പി.ടി. തോമസിന്‍റെ ഇടപെടലിലൂടെ ശക്തമായ നടി ആക്രമണക്കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുന്നു. വികസന അജണ്ടയും വിവാദ പ്രസ്താവനകളുമായി കടന്നുപോയ പ്രചാരണരംഗം ഒറ്റ ദിവസംകൊണ്ടാണ് നടിയെ പീഡിപ്പിച്ച കേസിലേക്ക് വഴിമാറിയത്. തുടരന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കുന്നതായി കാട്ടി നടി നൽകിയ ഹരജിയാണ് തെരഞ്ഞെടുപ്പ് രംഗത്തെ വിഷയം മാറ്റിമറിക്കാനിടയാക്കിയത്.

സ്ത്രീപക്ഷത്ത് നിൽക്കുന്നുവെന്ന് നിരന്തരം അവകാശപ്പെടുന്ന സർക്കാറിനെ അടിക്കാനുള്ള വടിയായാണ് യു.ഡി.എഫ് ഇതിനെ കണ്ടത്. ഹരജിക്ക് പിന്നാലെ സർക്കാറിനെ കുറ്റപ്പെടുത്തിയുള്ള പ്രസ്താവനകൾ യു.ഡി.എഫ് ഭാഗത്തുനിന്ന് വന്നുകൊണ്ടിരുന്നു. എന്നാൽ, സർക്കാറിനെതിരായ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രതികരണങ്ങളാണ് എൽ.ഡി.എഫ് നേതാക്കളിൽനിന്നുണ്ടായത്. തെരഞ്ഞെടുപ്പ് സമയത്ത് ഹരജി നൽകിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രത്യേക താൽപര്യമുണ്ടെന്നുമാണ് ഇ.പി. ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ, ആന്‍റണി രാജു എന്നിവർ പ്രതികരിച്ചത്. ഇത് വീണ്ടും യു.ഡി.എഫ് നേതൃത്വത്തിന് പിടിവള്ളിയായി. അതേസമയം, നടിയെ കുറ്റപ്പെടുത്താതെ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന യു.ഡി.എഫ് നേതൃത്വത്തെ വിമർശിച്ചാണ് മുഖ്യമന്ത്രി പിണറായി മറുപടി നൽകിയത്.

നടി ആക്രമിക്കപ്പെട്ടയുടൻ വിവരമറിഞ്ഞ പി.ടി. തോമസ് സ്ഥലത്തെത്തിയതാണ് കേസ് ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ സഹായകമായത്. കേസിലെ ഒരു സാക്ഷിയുമായിരുന്നു അദ്ദേഹം. മരണം വരെ ഈ കേസ് ദുർബലമാകാതിരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ചാണ് തൃക്കാക്കരയിൽ സ്ഥാനാർഥിയാണെന്ന സൂചന ഉമ തോമസ് നൽകിയത്. ഉമ മത്സരരംഗത്തുണ്ടായിട്ടും അത്ര സജീവമാകാതെ പോയ വിഷയമാണ് നടിയുടെ ഹരജിയോടെ ഇപ്പോൾ ചർച്ചയായി മാറിയത്. ഇത് മണ്ഡലത്തിൽ സജീവ ചർച്ചയായി നിലനിർത്താനാവും യു.ഡി.എഫ് ശ്രമം. 

Tags:    
News Summary - Thrikkakara: The campaign theme has changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.