representative image

ലക്ഷദ്വീപിന് സമീപം മയക്കുമരുന്ന് ശേഖരവുമായി മൂന്ന്​ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകൾ പിടിയിൽ

വിഴിഞ്ഞം: ലക്ഷദ്വീപിന് സമീപം വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന്​ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകളും അതിലെ 19 ജീവനക്കാരും തീര സംരക്ഷണസേനയുടെ പിടിയിൽ. ഇന്ത്യൻ സമുദ്രാതിർത്തി കടന്നെത്തി സംശയാസ്പദമായ നിലയിൽ സഞ്ചരിക്കുകയായിരുന്ന അകർഷ ദുവ, ചതു റാണി 03, ചതു റാണി 08 എന്നീ മത്സ്യബന്ധനബോട്ടുകളും അതിലെ ജീവനക്കാരെയുമാണ് വെള്ളിയാഴ്ച രാവിലെ 8.45ഓടെ ലക്ഷദ്വീപ് മിനിക്കോയിക്ക് സമീപത്തായി കടലിൽ നിന്നും തീര സംരക്ഷണസേന പിടികൂടിയത്.

പിടിയിലാകുമെന്നുറപ്പായതോടെ ആർഷ ദുവാ എന്ന ബോട്ടിൽ അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന നിരോധിത സാറ്റ്​ലൈറ്റ് ഫോണും കടലിൽ ഉപേക്ഷിച്ചതായി ബോട്ടി​െൻറ ക്യാപ്റ്റന്‍ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. പാക്കറ്റുകൾ പൊട്ടിച്ച് മയക്കുമരുന്ന് കടലിൽ കളയുകയായിരുന്നു.

ലക്ഷദ്വീപിന് പടിഞ്ഞാറ് 417 നോട്ടിക്കൽ മൈൽ മാറി ഉൾക്കടലിൽ പാകിസ്​താൻ ബോട്ടാണ് തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയതെന്ന് പിടിയിലായ അകർഷദുവ ബോട്ടി​െൻറ ക്യാപ്റ്റൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമാക്കി. പാകിസ്​താൻ ബോട്ടിൽ 400 കിലോ ഹെറോയിൻ ഉണ്ടായിരുന്നതായും അത്​ ഉൾക്കടലിൽ തന്നെ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

പിടിയിലായ മറ്റ് രണ്ട് ബോട്ടുകളിൽ മത്സ്യം മാത്രമാണ് കണ്ടെടുക്കാനായത്​. ഇവരെ രാവിലെ വിഴിഞ്ഞത്തെത്തിച്ച് ചോദ്യംചെയ്തു വരികയാണ്. പരിഭാഷക​െൻറ സഹായത്തോടെയാണ് തീര സംരക്ഷണസേന, ഐ.ബി, കൊച്ചി, മധുര, ചെന്നൈ, ബംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള നാർക്കോട്ടിക് കൺ​േട്രാൾ ബ്യൂറോ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നത്.

പിടിയിലായ ബോട്ടുകളിൽ രഹസ്യ അറകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ തീര സംരക്ഷണ സേനയുടെ അഞ്ച്‌ മുങ്ങൽ വിദഗ്ധരും സ്ഥല​െത്തത്തിയിട്ടുണ്ട്. പിടിയിലായ മറ്റ് രണ്ട് മത്സ്യബന്ധന ബോട്ടുകൾ ലഹരി കടത്തിൽ പങ്കില്ല എന്ന് കണ്ടെത്തിയാൽ തീരസംരക്ഷണ സേന കപ്പലി​െൻറ അകമ്പടിയോടെ രാജ്യ സമുദ്രാതിർത്തിയിൽ ശ്രീലങ്കൻ തീര സംരക്ഷണ സേനക്ക്​ കൈമാറും. ഇതിനായി തീര സംരക്ഷണ സേനയുടെ ഒരു കപ്പലും ഒരു പട്രോളിങ്​ ബോട്ടും വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുണ്ട്.

Tags:    
News Summary - Three Sri Lankan fishing boats nabbed near Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.