കിളിമാനൂരിൽ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയതിന് മൂന്ന് പൊലീസുകാർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം: വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയെന്നതിന് കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്​പെൻഷൻ. എസ്.എച്ച്.ഒ ഡി. ജയൻ, എസ്.ഐ.മാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അപകടമുണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. പിറ്റേദിവസം വന്നാൽ മതിയെന്ന് പറഞ്ഞ് നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതി ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

അതേസമയം, സംഭവത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്‍റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ അടക്കം സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്. കിളിമാനൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ചതും സിം കാർഡ് എടുത്തു നൽകിയതും ആദർശാണെന്ന് പൊലീസ് അറിയിച്ചു. നെയ്യാറ്റിൻകര സ്വദേശിയാണ് അറസ്റ്റിലായ ആദർശ്. കേസിലെ ആദ്യ അറസ്റ്റാണിത്.

കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. ഒളിവിലുള്ള വിഷ്ണുവിനെ കണ്ടെത്താൻ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജനുവരി മൂന്നിന് വൈകീട്ട് മൂന്നിനാണ് കിളിമാനൂർ സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയായിരുന്നു കേസ്.

Tags:    
News Summary - policemen suspended for negligence in the death of a couple in Kilimanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.